അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണ്. സാമ്പത്തിക വർഷത്തിന്‍റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്കൂളുകളിലും വിവേചനം സംബന്ധിച്ച് പ്രശ്നം ഉണ്ടെന്നും അതിനാലാണ് അവരുടെ ഇടയിലും പ്രചരണം നടത്തുന്നതെന്നും കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ വനിതാ മതിലില്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വനിതാ മതിലിന് സർക്കാർ ചെലവഴിക്കുന്ന തുക എത്ര എന്ന് പരിപാടിക്ക് ശേഷം കോടതിയെ അറിയിക്കണം. കുട്ടികളെ നിർബന്ധിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
പ്രകൃതിദുരന്തം ഉണ്ടായ സാഹചര്യത്തിൽ ഫണ്ട് വിനിയോഗത്തിൽ സർക്കാറിന്‍റെ മുൻഗണന എന്താണെന്നും കോടതി ചോദിച്ചു. പ്രളയ ഫണ്ട് ഉപയോഗിക്കില്ല എന്ന സർക്കാർ വിശദീകരണം കോടതി രേഖപ്പെടുത്തി. പ്രളയത്തിനു വേണ്ടി മാറ്റി വെച്ച തുക എത്ര എന്നും അത് എങ്ങനെ ഉപയോഗിച്ചു എന്നും ജനങ്ങളെ ബോധ്യ പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മതിലിന്റെ പ്രചാരണത്തിനായി വളരെ അധികം പണം ചെലവാക്കി എന്നാണ് ഹർജിക്കാർ വാദിച്ചത്. എന്നാല്‍ ആ ചെലവാക്കിയ പണം മതിലിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന ബഡ്ജറ്റിൽ നിന്നാണ് എങ്കിൽ കുഴപ്പം ഇല്ലാലോ എന്ന് കോടതി ചോദിച്ചു. കേസ് ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞു കോടതി വീണ്ടും പരിഗണിക്കും.
വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതിയെ നേരത്തേ നിർദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
