തിരുവനന്തപുരം: സൗദിയിൽ നിന്നെത്തുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ വിമാനടിക്കറ്റ് നല്‍കും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ സമ്മതം അറിയച്ച മലയാളികള്‍ ദില്ലിവരെ മാത്രമുള്ള വിമാനടിക്കറ്റിനെക്കുറിച്ചറിഞ്ഞതോടെ യാത്ര തന്നെ വേണ്ടെന്നു വച്ചിരുന്നു.

ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നോര്‍ക്ക ഇടപെടലുണ്ടായിർ. മടങ്ങി വരുന്നവർക്ക് ത്രീ ടയർ എസി ട്രെയിന്‍ ടിക്കറ്റ് ,സംസ്ഥാന സർക്കാർ നൽകുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. എന്നാല്‍ അവിടേയും ആശയക്കുഴപ്പം തീര്‍ന്നില്ലർ. ഇവരുടെ താമസം, ട്രെയിന്‍ കിട്ടാനുള്ള യാത്ര തുടങ്ങിയ കാര്യങ്ങളില്‍ അനിശ്ചിതത്വം തുടര്‍ന്നു. ഇക്കാര്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടു.

സൗദിയില്‍ നിന്ന് മടങ്ങി ദില്ലിയിലും മുംബൈയിലുമെത്തുന്നവര്‍ക്ക് നാട്ടിലേക്കെത്താന്‍ വിമാനടിക്കറ്റ് നല്‍കാന്‍ തീരുമാനം . ഇക്കാര്യങ്ങളില്‍ അതാതിടങ്ങളിലെ നോര്‍ക്ക ഓഫിസുകള്‍ വഴി ഏകോകിപ്പിക്കാനും തീരുമാനമായി . മാസങ്ങളായി ജോലി നഷ്ടപ്പെട്ട് ക്യാപുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് ആശ്വാസമാകുകയാണ് ഈ തീരുമാനം.