Asianet News MalayalamAsianet News Malayalam

എല്‍ഡിഎഫ് എംഎല്‍എ കാരാട്ട് റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

യുഡിഎഫ് സ്ഥാനാര്‍ഥി  എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി

kerala hc cancel koduvally election
Author
Kozhikode, First Published Jan 17, 2019, 2:14 PM IST

കൊച്ചി:  കൊടുവള്ളി എംഎല്‍എ  കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.  എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാന്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി. 

കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അതേ സമയം കാരാട്ട് റസാഖിന്‍റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല. 

റസാഖിനെതിരെ എല്‍ഡിഎഫ് നടത്തിയ പ്രചരണമാണ് വ്യക്തിഹത്യ നടത്തിയെന്ന നിഗമനത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. റസാഖ് മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലായിരുന്ന കാലത്ത് ഒരാളുടെ 20000 രൂപ തട്ടിയെടുത്തു എന്നൊരു കേസുണ്ടായിരുന്നു. ഈ കേസില്‍ പിന്നീട് റസാഖ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പരാതിക്കാരനെ കണ്ടുപിടിച്ച് അയാളെക്കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി തട്ടിപ്പുകാരനാണെന്ന തരത്തില്‍ വീഡിയോ ചിത്രീകരികുക്കയും അത് മണ്ഡ‍ലത്തിലെങ്ങും പ്രചരിപ്പിക്കുകയും ചെയ്തതായി ഹൈക്കോടതി കണ്ടെത്തി. 

എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത പ്രചരണ ജീപ്പിലാണ് ഇതിനായി പ്രചരണം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായ എംകെ സുരേഷ് ഇതേ കാര്യം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുന്ന വീഡിയോയും പരാതിക്കാരനായ കെപി മുഹമ്മദ് ഹൈക്കോടതിയില്‍ ഹാജരാക്കി. 

നേരത്തെ 2016 ജൂണില്‍ ഹൈക്കോടതിയില്‍ ഈ കേസിനെതിരെ കാരാട്ട് റസാഖ് തടസ്സവാദ ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളിയിരുന്നു. പിന്നീട് കാരാട്ട് റസാഖ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് നടക്കട്ടെ എന്ന് നിര്‍ദേശിച്ചു സുപ്രീംകോടതിയും ഹര്‍ജി തള്ളിയിരുന്നു. മുസ്ലീംലീഗിന്‍റെ ശക്തികേന്ദ്രമായ കൊടുവള്ളിയില്‍ ലീഗില്‍ നിന്നും സിപിഎം കൊണ്ടു വന്നയാളാണ് കാരാട്ട് റസാഖ്.

വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനും സിഗിള്‍ ബെഞ്ച് വിധിയക്കെതിരെ റിവ്യൂ ഹര്‍ജി കൊടുക്കാനും സ്റ്റേ ഓര്‍ഡര്‍ വാങ്ങാനുമെല്ലാം കാരാട്ട് റസാഖിന് അവസരമുണ്ടെങ്കിലും കെഎം ഷാജിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച  അതേ തിരിച്ചടി കാരാട്ട് റസാഖിനും ലഭിക്കുന്നത് എല്‍ഡിഎഫ് ശക്തമായ തിരിച്ചടിയായിരിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios