ദില്ലി:കേരളത്തിൽ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. മീഡിയാ റൂം തുറക്കുന്ന കാര്യത്തിലെ എതിര്‍പ്പുകൾ പരിഹരിക്കുന്നതിനും വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയിൽ ഹൈക്കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിലെ കോടതികളിൽ മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നും, ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരിഗണിച്ചത്. ഈ ഹര്‍ജി ആര്‍ക്കും എതിരല്ലെന്നും പ്രശ്നപരിഹാരമാണ് ലക്ഷ്യമെന്നും പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷൻ വി.ഗിരി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയിൽ വരുന്നതിന് ഇപ്പോൾ തടസ്സങ്ങളില്ല. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തിൽ പക്ഷെ, ചില എതിര്‍പ്പുകളുണ്ട്. അത് പരിഹരിക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നുവരികയാണെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. മീഡിയാ റൂം മാധ്യമങ്ങൾക്ക് നൽകുന്ന ഒരു സൗകര്യമല്ലേ എന്നും അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും തുടര്‍ന്ന് കോടതി ചോദിച്ചു.
പ്രശ്നങ്ങൾ പറഞ്ഞുതീര്‍ക്കാൻ നാലാഴ്ചത്ത സമയം വേണെന്ന് പിന്നീട് ഹൈക്കോടതി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. കൂടുതൽ നീണ്ടുപോകാതെയുള്ള പ്രശ്നപരിഹാരമാണ് വേണ്ടതെന്ന പത്രപ്രവര്‍ത്തക യൂണിയന്‍റെ അഭിഭാഷകൻ കപിൽ സിബലിന്‍റെ ആവശ്യം അംഗീകരിച്ച് കേസ് ദീപാവലി അവധിക്ക് ശേഷമുള്ള നവംബര്‍ 7ലേക്ക് മാറ്റിവച്ചു.
ജൂലായ് 19-നാണ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ ചേംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മീഡിയാ റൂം അടച്ചു. കായികമായി നേരിടുമെന്ന ഭീഷണിയുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നീട് ഹൈക്കോടതിയില്‍ പോകാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല.
