കൊച്ചി: നാളെ നടക്കുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്‌ത്രം ധരിക്കാമെന്ന് ഹൈക്കോടതി.ശിരോവസ്‌ത്രം വിശ്വാസത്തിന്റെ ഭാഗമാണ്. ഇത് തടയേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ അവധിക്കാല ബെഞ്ച് വിധിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശിയായ അമ്ന ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ വിധി. പരീക്ഷയെഴുതുന്നവര്‍ അരമണിക്കൂര്‍ മുമ്പെത്തി പരിശോധനക്കു വിധേയമാകണം.

സിബിഎസ്‌സിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നേരത്തെ, എന്‍ട്രന്‍സ് പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹാളില്‍ തടഞ്ഞ സംഭവം വിവാദമായിരുന്നു. ഭരണഘടന ഓരോ പൗരനും നല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ശിരോവസ്ത്രം നിരോധിക്കാനുള്ള തീരുമാനമെന്നു വിമര്‍ശിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

പരീക്ഷ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ശിരോവസ്ത്രം ഒഴിവാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.ഇത്തരം സാഹചര്യങ്ങൾ പരാതികൂടാതെ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ അടുത്തവർഷം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.