കൊച്ചി: പയ്യന്നൂർ സ്വത്ത് തട്ടിപ്പ് കേസ് ഗൗരവതരവും ആസുത്രിതവുമായ തട്ടിപ്പെന്ന് ഹൈക്കോടതി. അതേസമയം കേസിൽ മുഖ്യ പ്രതികളായ കൃഷ്ണകുമാറിനും ഭാര്യ ശൈലജയ്ക്കും എതിരെ ചുമത്തിയിരുന്ന മനപൂ‍ർവമമല്ലാത്ത നരഹത്യാ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം പൂർത്തിയായെന്ന് പ്രോസിക്യൂഷനും കോടതിയെ ബോധിപ്പിച്ചു. ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എടുത്ത മനപൂർവമല്ലാത്ത നരഹത്യാ കേസിലാണ് പ്രതികള്‍ക്ക് ഇന്ന് ജാമ്യം ലഭിച്ചത്. 

വ്യാജ രേഖ ചമച്ച് ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെന്ന കേസില്‍ നേരത്തെ ഇരുവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു. സംഭവം ഗൗരവതരവും ആസൂത്രിതവുമായ തട്ടിപ്പാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിക്കും വരെ പ്രതികൾ എല്ലാ ബുധനാഴ്ച്ചയും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാവണം.കേസിൽ അന്വേഷണം പൂർത്തിയായെന്നും പ്രതികളെ റിമാന്റിൽ പാർപ്പിക്കേണ്ടതില്ലെന്നും അന്വേഷണ സംഘം കോടതിയിൽ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. 

ചില ശാസ്ത്രീയ പരിശോധനാഫലങ്ങൾ കൂടി കിട്ടാനുണ്ടെന്നും എന്നാൽ പ്രതികളെ റിമാൻഡിൽ സൂക്ഷിക്കേണ്ട സഹാചര്യം ഇല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.ഇതൂകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 2011ലാണ് റിട്ട സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ആയുരുന്ന ബാലകൃഷ്ണന്‍ മരിച്ചത്. തിരുവനന്തപുരത്ത് തനിച്ചായിരുന്നു ബാലകൃഷ്ണൻ താമസിച്ചിരുന്നത്. തലസ്ഥാനത്തെ ജനറൽ അശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു.യാത്രാമധ്യേ കൊടുങ്ങല്ലൂരില്‍ വച്ച് ബാലകൃഷ്ണൻ മരിച്ചു.

ഷൊർണ്ണൂരിൽ ബാലകൃഷ്ണനെ ഇരുവരും ചേർന്ന് സംസ്ക്കരിച്ചു. എന്നാൽ മരണവിവരം ഇവർ ബന്ധുക്കളെ ആരെയും അറിയിച്ചില്ല. തുടര്‍ന്ന് ശൈലജയുടെ സഹോദരി ജാനകി, ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജ രേഖകൾ ചമച്ച് സ്വത്തുക്കൾ കൈക്കലാക്കുകയായിരുന്നു. ആദ്യം ജാനകിയുടെ പേരിലേക്കും പിന്നീട് ശൈലജയുടെ പേരിലേക്കും സ്വത്തുക്കൾ മാറ്റി. ബാലകൃഷ്ണന്റെ ഭൂസ്വത്ത് കൈകാര്യം ചെയ്യാന്‍ യാതൊരു ബന്ധവും ഇല്ലാത്തവര്‍ എത്തിയപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത്. സ്വത്ത് തട്ടിപ്പ് കേസിലെ അന്വേഷണം നടക്കുന്നതിനിടെയാണ് ദുരൂഹമരണത്തെക്കുറിച്ചും ആക്ഷേപം ഉയർന്നത്. തുടർന്ന് ആക്ഷൻ കമ്മിറ്റി ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനെ തുടർന്നാണ് മനപൂ‍വമല്ലാത്ത നരഹത്യാകേസും ഇവർക്കെതിരെ ചുമത്തിയത്.