ഹൃദയശസ്ത്രക്രിയയ്ക്ക് സ്വരുക്കൂട്ടി വച്ചിരുന്ന ഇരുപതിനായിരം രൂപയില്‍ നിന്നാണ് അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അക്ഷയ നല്‍കിയത്. അമ്മ മാത്രമേയുള്ളു ഈ പെണ്‍കുട്ടിക്ക്. അക്ഷയയുടെ നന്മ അറിഞ്ഞ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് അക്ഷയയുടെ ചികിത്സ സൗജന്യമായി നടത്താമെന്ന് പറഞ്ഞിരിക്കുന്നത്.

തമിഴ്നാട്: ഹൃദയശസ്ത്രക്രിയയ്ക്ക് കരുതി വച്ചിരുന്ന തുകയിൽ നിന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അക്ഷയയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയാണ് ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് സമ്മതിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. പെൺകുട്ടിയുടെ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞ് അവളെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു എന്ന് ഡോക്ടർ ആശാ കിഷോർ പറയുന്നു.

തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ താന്തോന്നിമലയ്ക്ക് സമീപത്തുള്ള കുമാരപാളയം എന്ന​ ​ഗ്രാമത്തിലാണ് അക്ഷയുടെ കുടുംബം താമസിക്കുന്നത്. അമ്മ ജ്യോതിമണി മാത്രമേയുള്ളൂ അക്ഷയയ്ക്ക്. രണ്ട് സഹോദരിമാർ വേറെയുമുണ്ട്. ആറ് വർഷം മുമ്പ് ഇവരുടെ പിതാവ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് ഇവളുടെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. അമ്മ ജ്യോതിമണി കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്നത് കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്.

മൂന്നരലക്ഷം രൂപയാണ് അക്ഷയയുടെ സർജറിക്ക് വേണ്ടി വരുന്ന തുക. ഫേസ്ബുക്കിൽ നിന്നാണ് ഇവർക്ക് സഹായം ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ ആവശ്യം വേണ്ട തുകയുടെ നാലിലൊന്ന് പോലും ലഭിച്ചിരുന്നില്ല. എന്നിട്ടും തങ്ങൾക്കുള്ളതിൽ നിന്ന് സംഭാവന ചെയ്യാൻ ഇവർ ആ ഗ്രഹിച്ചു. അങ്ങനെയാണ് ആകെയുണ്ടായിരുന്ന ഇരുപതിനായിരം രൂപയിൽ നിന്ന് അയ്യായിരം രൂപ അവൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽ‌കിയത്. ചെറിയ തുക പോലും എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് തങ്ങൾക്കറിയാം എന്നിവർ പറയുന്നു.

തങ്ങളുടെ കൊച്ചുവീടിന് മുകളിലൂടെ രക്ഷാദൗത്യവുമായി ഹെലികോപ്റ്ററുകൾ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് അക്ഷയ കണ്ടിരുന്നു. മാത്രമല്ല കേരളം വലിയൊരു പ്രളയക്കെടുതിയിൽ പെട്ട് കഷ്ടപ്പടുന്ന ദൃശ്യങ്ങളും അക്ഷയ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തനിക്കെങ്ങനെയാണ് അവരെ സഹായിക്കാൻ സാധിക്കുക എന്ന് മാത്രമേ അക്ഷയ ചിന്തിച്ചുള്ളു. അനുദിനം അക്ഷയയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മ ജ്യോതിമണി പറയുന്നു. ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നു കൊണ്ടിരിക്കുന്നത്.