വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് കേരളത്തിലെ ഐപിഎസ് ഓഫീസര്‍മാര്‍

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് കേരളത്തിലെ ഐപിഎസ് ഓഫീസര്‍ മാര്‍. ഐപിഎസ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജവാൻമാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതത് സംസ്ഥാനങ്ങള്‍ ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സെവാഗ്, തുടങ്ങിയവരും സഹായം നല്‍കുമെന്ന് അറിയിച്ചു. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറഞ്ഞു.

ജവാൻമാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തിക സഹായം വിതരണം ചെയ്യാനാകും എന്നും അറിയാൻ അമിതാഭ് ബച്ചൻ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ എല്‍ഐസി തുക നല്‍കി.