കോന്നി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ആതിരയും ആര്യയും രാജിയും ട്രെയിനില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തിട്ട് 9 മാസം കഴിഞ്ഞിരിക്കുന്നു. ഇവരുടെ ദുരൂഹമരണത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് നേടിയ പെണ്‍കുട്ടികള്‍ പ്ലസ് ടുവിന് തോല്‍ക്കുമെന്ന ഭയത്താല്‍ വീടുവിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആത്മഹത്യാ സൂചന നല്‍കുന്ന വാട്‌സ് ആപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങളും ഇതിന് തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സിബിഐ കേസ് ഏറ്റെടുത്താല്‍ മാത്രമ യഥാര്‍ത്ഥ മരണകാരണം പുറത്തുവരൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍.

പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറയുന്‌പോഴും വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ എന്തിന് 3 ദിവസം കാത്തിരുന്നു? എന്തിന് രണ്ട് തവണ ബംഗലൂരുവില്‍ പോയി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.