തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച് പ്രധാന കവാടം ഉടന്‍ പൊളിച്ച് നീക്കാന്‍ ലോ അക്കാദമിക്ക് റവന്യുവകുപ്പ് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന കവാടം ഉടന്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയത്. പ്രധാന കവാടം പുറമ്പോക്കിലാണെന്നായിരുന്നു സെക്രട്ടറിയുടെ കണ്ടെത്തല്‍. മാനേജ്മെന്‍റ് തന്നെയാണ് കവാടം പൊളിച്ചുനീക്കിയത്. ഇതിന് പുറമേ ലോ അക്കാദമി ഭൂമിയിലെ ഹോട്ടലിലും ബാങ്കിലും ഉടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം അക്കാദമി സ്വകാര്യ കോളേജോ അതോ സ്വാശ്രയ കോളേജാണോ എന്ന് കേരള സര്‍വ്വകലാശാല പരിശോധിക്കും. അഫിലിയേഷന്‍ സംബന്ധിച്ച സിണ്ടിക്കേറ്റ് ഉപസമിതിയാണ് ഘടന പരിശോധിക്കുന്നത് . അക്കാദമി ഘടനയെ കുറിച്ച് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്ന് വിസിയും വ്യക്തമാക്കി. പൊതു ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റാക്കി മാറ്റിയത് സര്‍വ്വകലാശാലയെ അറിയിക്കാതെയാണെന്നും ഇത് ഗുരുതര ചട്ട ലംഘനമാണെന്നും യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചു. 

ട്രസ്റ്റിന്റെ രൂപമാറ്റം റവന്യു വകുപ്പ് ശുപാര്‍ശ പ്രകാരം ജില്ലാ രജിസ്ട്രാര്‍ ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ സിണ്ടിക്കേറ്റ് യോഗത്തില്‍ വീണ്ടും ആവശ്യപ്പെട്ടു. അക്കാദമി ഭരണസമിതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം സബ് കോടതി 15 ലേക്ക് മാറ്റിയിട്ടുണ്ട്.