ബോധവല്‍ക്കരണവും പ്രതിരോധമരുന്നുകളുടെ വിതരണവുമാണ് ലക്ഷ്യം. ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചത് പന്ത്രണ്ട് പേര്‍ക്ക്. സംശയിക്കുന്നത് പതിനഞ്ചുപേര്‍ക്ക്. 

വയനാട്: വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പ്രതിരോധ യജ്ഞവുമായി ആരോഗ്യ വകുപ്പ്. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഇന്ന് പ്രതിരോധ മരുന്ന് നൽകും. ഇതുവരെ 12 പേർക്കാണ് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്. എലിപ്പനി സ്ഥിരീകരിച്ച പന്ത്രണ്ടുപേരും വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തുനിന്നുള്ളവരാണ്. ഇവിടങ്ങളി‍ല്‍ നിന്നും പനിബാധിച്ച് ആശുപത്രിയിലെത്തിയ പതിനഞ്ചുപേര്‍ നരീക്ഷണത്തിലാണ്. 

ജില്ലയിലെ പ്രളയബാധിത മേഖലയില്‍ എലിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇത് തടയാന്‍ ബോധവല്‍ക്കരണവും പ്രതിരോധമരുന്നുകളുടെ വിതരണവുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യംവെക്കുന്നത്. നേരിയ പനി തോന്നിയാലും സ്വയചികിത്സയ്ക്ക് മുതിരാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. കൂടുതല്‍ സൗകര്യത്തിനായി ജില്ലയില്‍ 24 താല്‍ക്കാലിക ഡിസ്‌പന്‍സറികള്‍ തുറന്നിട്ടുണ്ട്.