കാസര്‍കോഡ്: ഭീകര സംഘടനയായ ഐസിൽ പ്രവർത്തിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട മലയാളികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുർഷിദ് മുഹമ്മദ്, ഹഫീസുദ്ധീൻ, യഹ്യ, ഷജീർ അബ്ദുല്ല എന്നിവരുടെ ചിത്രങ്ങളോട് കൂടിയ വീഡിയോയാണ് കേരളത്തിൽ നിന്നുള്ള രക്തസാക്ഷികൾ എന്നപേരിൽ പ്രചരിക്കുന്നത്. ടെലഗ്രാമിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് എൻഐഎയും അന്വേഷിക്കുന്നുണ്ട്. 

കാസ‍ർഗോഡ് പടന്ന സ്വദേശികളായ മുർഷിദ് മുഹമ്മദ്, ഹഫീസുദ്ധീൻ, പാലക്കാട് സ്വദേശിയായ ബെസ്റ്റിൻ എന്ന യഹിയ, കോഴിക്കോട് സ്വദേശി ഷജീർ അബ്ദുല്ല എന്നിവരടക്കം അഞ്ചുപേരുടെ ചിത്രങ്ങൾ സഹിതമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിൽ തിരിച്ചറിയാത്ത അഞ്ചായമത്തെയാൾ പാലക്കാട് സ്വദേശിയായ സിബിയാണെന്നാണ് സൂചന. 

കേരളത്തിൽ നിന്നുള്ള രക്തസാക്ഷികൾ എന്ന പേരിലാണ് വീഡിയോ. ഐ.എസിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ഇവർ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാൽ ആദ്യമായാണ് അഞ്ചുപേരുടെ ചിത്രങ്ങളടങ്ങിയ വീഡിയോ പുറത്ത് വരുന്നത്. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഇവരുടെ മരിച്ച് കിടക്കുന്നതും അല്ലാത്തതുമായ ദൃശ്യങ്ങൾ ഉണ്ട്. ടെലഗ്രാം എന്ന സാമൂഹ്യമാധ്യമത്തിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. 

ഇതിൽ സജീറിന്‍റെ ദൃശ്യങ്ങൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നും യുവാക്കളെ ഐ.എസ് കേന്ദ്രത്തിലെത്തിച്ചതിന്റെ മുഖ്യകണ്ണിയെന്ന് ദേശീയ ഏജന്‍സികളടക്കം സംശയിക്കുന്ന ആളാണ് സജീര്‍ . ഖുർആൻ വചനങ്ങളുടെ പശ്ചാതലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഐസിൽ ചേർന്നെന്ന് സംശയിക്കുന്ന കാസർഗോഡ് പടന്ന സ്വദേശി അബ്ദുൾ റഷീദാണ് വീഡിയോ ടെലഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ച് എൻ.ഐ. എ അന്വേഷിക്കുന്നുണ്ട്.