പാലക്കാട് റെയിൽവെ കോച്ച്ഫാക്ടറി യാഥാര്‍ത്ഥ്യമാകുമോ എന്ന് പറയാനാകില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു ലോക്സഭയിൽ അറിയിച്ചു. എം.ബി.രാജേഷ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കോച്ച്ഫാക്ടറി ഇനി പാലക്കാടിന് ഉണ്ടാകില്ല എന്ന് സൂചിപ്പിക്കുന്ന മറുപടി മന്ത്രി നൽകിയത്. 

പാലക്കാട് കോച്ച്ഫാക്ടറി ഹരിയാനയിലേക്ക് മാറ്റുന്നതായുള്ള റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പാലക്കാട് കോച്ച്ഫാക്ടറി യാഥാര്‍ത്ഥ്യമാകുമോ എന്ന ചോദ്യം എം.ബി.രാജേഷ് ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ റെയിൽവെ മന്ത്രി തയ്യാറായില്ല. ഇതോടെ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പിൻമാറുന്നു എന്ന് ആശങ്ക ഉറപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം എന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു.

പ്രഖ്യാപിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത് പദ്ധതി പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ മേക്ക്‌ ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് താൽപര്യമില്ല എന്നു വ്യക്തമാക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ലോകസഭയിലെ പ്രതികരണം.