ദില്ലി: കേരളത്തിൽ മെഡിക്കൽ കോഴ വിവാദത്തിൽ ഉൾപ്പെട്ട വര്‍ക്കല, ചെര്‍പ്പുളശ്ശേരി മെഡിക്കൽ കോളേജുകൾ ഉൾപ്പടെ ആറ് കോളേജുകളുടെ പ്രവേശന അനുമതി മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ റദ്ദാക്കി. ഇതോടെ ആയിരത്തിലധികം സീറ്റുകൾ കേരളത്തിന് നഷ്ടപ്പെടും. അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നടപടി.
മെഡിക്കൽ കോഴ വിവാദത്തിൽ ഉൾപ്പെട്ട വര്‍ക്കല എസ്.ആര്‍.മെഡിക്കൽ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കൽ കോളേജുകൾ ഉൾപ്പടെ കേരളത്തിലെ ആറ് കോളേജുകൾക്കാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ വിലക്ക്. അടിസ്ഥാന സൗകര്യമില്ല എന്ന് മുൻകാലങ്ങളിലും പഴികേട്ട ഡി.എം.വയനാടും ഇതിൽ ഉൾപ്പെടുന്നു. തൊടുപുഴ അൽ അസര്‍, പത്തനംതിട്ട മൗണ്ടസിയോണ്‍, കണ്ണൂര്‍ മെഡിക്കൽ കോളേജുകൾക്കും എം.സി.ഐയുടെ പൂട്ടുവീണു.
മൗണ്ടസിയോണും, കണ്ണൂരും ഒഴികെയുള്ള കോളേജുകൾക്ക് രണ്ടുവര്‍ഷത്തേക്കാണ് വിലക്ക്. ആ കോളേജുകൾക്ക് 2017-2018, 2018-2019 വര്‍ഷത്തേക്ക് പ്രവേശനം നടത്താനാകില്ല. കേരളത്തിലെ ആറ് കോളേജുകളിലെ അടക്കം രാജ്യത്ത് 70 മെഡിക്കൽ കോളേജുകൾക്കാണ് ആവശ്യമായ സൗകര്യമില്ലെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇതിൽ പല കോളേജുകൾക്കും അടിസ്ഥാന സൗകര്യം പോലും ഇല്ല. എം.സി.ഐക്കുമേൽ കോഴ വിവാദം ശക്തമായി നിലനിൽക്കുമ്പോൾ മെഡിക്കൽ കോളേജുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനം വന്നത് ആരോപണങ്ങൾക്ക് ബലംപകരും. ഇപ്പോൾ സൗകര്യമില്ല എന്ന് കണ്ടെത്തിയ പല കോളേജുകൾക്കും മുമ്പ് എങ്ങനെ അനുമതി കിട്ടി എന്ന ചോദ്യം ഉയരും.
മെഡിക്കൽ കോളേജിനായി ബി.ജെ.പി നേതാക്കൾ കോഴവാങ്ങി ദില്ലിയിലേക്ക് ഹവാല ഇടപാടുവഴി കടത്തി എന്ന വെളിപ്പെടുത്തൽ വലിയ പൊട്ടിത്തെറിയാണ് ബി.ജെ.പിയിൽ ഉണ്ടാക്കിയത്. കോഴ നൽകിയെന്ന് എസ്.ആര്‍.കോളേജ് ഉടമ ആര്‍.ഷാജി തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാദങ്ങൾ കത്തിനിൽക്കെ മെഡിക്കൽ കോളേജുകൾക്ക് നൽകിയ അനുമതി നിഷേധിച്ചത് അഴിമതി മൂടിമറക്കാൻ വേണ്ടിയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കും.
ഇക്കാര്യത്തിൽ രാജ്യവ്യാപകമായി അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ത്തും. ഇതിനിടെ സ്വകാര്യ കോളേജുകളിലെ ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് മാനേജുമെന്‍റുകൾ സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ കോളേജുകൾക്കും ഒരേ ഫീസാണ് മേൽനോട്ട സമിതി നിശ്ചയിച്ചിരിക്കുന്നത്. ഫീസ് നിര്‍ണയിക്കാൻ മേൽ നേട്ടസമിതിക്ക് അധികാരമില്ലെന്നാണ് മാനേജുമെന്റുകളുടെ വാദം.
