തിരുവനന്തപുരം: കറുത്തവര്‍ഗക്കാരനായ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ ഡോ.ബെര്‍ണാഡ് അരിട്വേയ്ക്കെതിരായ വര്‍ണവെറി പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു. അരിട്വായ്ക്ക് എഴുതിയ കത്തിലാണ് വിവാദ പരാമര്‍ശം നടത്തിയതില്‍ സുധാകരന്‍ മാപ്പു പറഞ്ഞത്. കേരളത്തിലെ കെഎസ്‌ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡറാണ് ആഫ്രിക്കന്‍ വംശജനും അമേരിക്കക്കാരനുമായ ബെര്‍ണാഡ് അരിട്വാ.

മാപ്പുപറഞ്ഞ് സുധാകരന്‍ എഴുതിയ കത്തിലെ പ്രസക്ത ഭാഗങ്ങള്‍: എന്റെ പ്രസംഗത്തില്‍ ആഫ്രിക്കന്‍ വംശജരെ പണ്ടുകാലത്ത് വിശേഷിപ്പിച്ചിരുന്ന ഒരു വാക്ക് കടന്നുകൂടിയിരുന്നു. മഹത്തായ അമേരിക്കന്‍ വിപ്ലവവും അടിമകളുടെ മോചനവും എബ്രഹാം ലിങ്കന്‍ നടപ്പാക്കിയ അടിമത്വ നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആ വാക്ക് ഉപയോഗിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പമാണ് ഞാന്‍ താങ്കളുടെ പേരും ഉപയോഗിച്ചത്. ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിനെതിരെ നടന്ന അമേരിക്കന്‍ വിപ്ലവത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ ഉപയോഗിച്ച വാക്ക് ഇപ്പോള്‍ അമേരിക്കയില്‍ എങ്ങും ഉപയോഗിക്കാത്തതാണെന്ന് എനിക്കറിയില്ലായിരുന്നു.
അമേരിക്കയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സുഹൃത്തുക്കളും ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമാണ് ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇന്ത്യയിലെയും വിശേഷിച്ച് കേരളത്തിലെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനായി ദശകങ്ങളായി പോരാടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഞാന്‍ വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കുന്നു.എന്നും ഞാന്‍ താങ്കളുടെ സുഹൃത്തായിരിക്കും.കേരളത്തിലെത്തുമ്പോള്‍ നമുക്ക് നേരിട്ട് കാണാം. കെഎസ്‌ടിപി റോഡ‍് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് താങ്കള്‍ അന്വേഷിക്കണം. ഇക്കാര്യത്തില്‍ എനിക്ക് ശക്തമായ നിലപാടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് ലോക ബാങ്ക് അന്വേഷിക്കണം- സുധാകരന്‍ പറഞ്ഞു.

മന്ത്രി സുധാകരന്‍ ഇന്നലെ പറഞ്ഞത്: ലോക ബാങ്കെന്നാല്‍ അമേരിക്കയാണ്.അമേരിക്ക ഉണ്ടാവുന്നതിനു മുമ്പെ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയൊന്നും വേണ്ട.കെഎസ്ടിപി പദ്ധതി ഇഴയുന്നതിന് കാരണം ലോകബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്.ഞാന്‍ മന്ത്രിയായശേഷം ലോകബാങ്കിനറെ പ്രതിനിധികള്‍ നാലുതവണ എന്നെ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍, അയാള്‍ ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനാണ്. എന്നുവെച്ചാല്‍ ഒബാമയുടെ വംശം.അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പെ അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടുവന്നു പണി ചെയ്യിപ്പിച്ചു. അടിമത്തം അവസാനിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്.
