തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ കടല്‍ക്ഷോഭബാധിതര്‍ക്ക് തന്റെ നാല് മാസത്തെ ശമ്പളം നല്‍കുമെന്ന് ഇന്നസെന്റ് എംപി. എറിയാട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടയിലാണ് എം.പിയുടെ പ്രഖ്യാപനം. അതേസമയം എംപിക്കെതിരെ പ്രദേശവാസികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു.

കടല്‍ക്ഷോഭം ഉണ്ടായി വീടുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടവര്‍ക്കിടയിലേക്ക് എത്തിയ ഇന്നസെന്റ് എംപിയെ പ്രദേശവാസികള്‍ സ്വീകരിച്ചത് പരിഭവവും, പരാതിയുമായാണ്. ചിലര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, മറ്റു ചിലര്‍ക്ക് തൊണ്ടയിടറി. പരമാവധി സഹായമെത്തിക്കുവാന്‍ ശ്രമിക്കുമെന്ന് ഇന്നസെന്റ് ഉറപ്പു നല്‍കി. 

ദുരിതബാധിതര്‍ക്ക് പന്ത്രണ്ടായിരം കുപ്പി വെള്ളം അടിയന്തിരമായി എത്തിക്കും. ആവശ്യമുള്ളവര്‍ക്ക് വസ്ത്രവും പാഠപുസ്തകങ്ങളും നല്‍കും. കടല്‍ക്ഷോഭം തടയുന്നതിനായി കടല്‍ഭിത്തി, പുലിമുട്ട് എന്നിവ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇന്നസെന്റ് പറഞ്ഞു. 

എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.എം.ഐ.യു.പി സ്‌കൂള്‍, അഴീക്കോട് ഗവ:യു .പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എം.പി സന്ദര്‍ശിച്ചു. എം.പിയെ തടയുമെന്നും, കരിങ്കൊടി കാണിക്കുമെന്നും പ്രചരണമുണ്ടായതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ പോലീസ് സാന്നിധ്യം ശക്തമായിരുന്നു