കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേരളാ എംപിമാരുടെ യോഗം ചര്‍ച്ച ചെയ്തു. അതീവഗുരുതരമായ സ്ഥിതി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കാനാണ് ധാരണ. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പ് നല്‍കിയതായി എകെ ആന്റണിയും അറിയിച്ചു.

സംസ്ഥാനത്ത് സഹകരണ ജീവനക്കാരുടെ സംയുക്ത യൂണിയന്‍ സംഘടിപ്പിച്ച സഹകരണ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ആര്‍ബിഐ മേഖലാ കേന്ദ്രങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും ജീവനക്കാര്‍ പ്രകടനം നടത്തി. 

സഹകരണ പ്രതിസന്ധിയില്‍ യുഡിഎഫും എല്‍ഡിഎഫും കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ബിജെപി സഹകരണസംഘങ്ങള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഇടത് ഭരണകാലത്ത് രണ്ട് കണ്ടെയിനര്‍ വ്യാജ കറന്‍സി സംസ്ഥാനത്തെത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ വിഎസിന്റെ പേഴ്‌സനല്‍ അംഗമായിരുന്ന എസ് സുരേഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത് ബിജെപി ആയുധമാക്കി.

ഇളവ് കാലത്ത് പ്രാഥമിക സഹകരണസംഘങ്ങള്‍ ശേഖരിച്ച 3000 കോടി നോട്ടുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തിലും ആര്‍ബിഐ ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.