തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 42 തസ്തികകള്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമിക്കുക. മന്ത്രാസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന് ദേശീയ പിന്നോക്ക ധനകാര്യവികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്‍റി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പൊലീസ് സേനയില്‍ ഇന്‍സ്പെക്റായി നിയമിതനായ ദേശീയ നീന്തല്‍ താരം സജന്‍ പ്രകാശിന് 2020-ലെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനുളള പരിശീലനത്തിന് നിലവിലുളള ചട്ടങ്ങളില്‍ ഇളവ് നല്‍കി ശൂന്യവേതന അവധി നല്‍കാന്‍ തീരുമാനിച്ചു. വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ 5 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ അധ്യാപകരുടെ എട്ട് തസ്തികകള്‍ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.