ദില്ലി: വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് സ്വകാര്യത മൗലിക അവകാശമാണോ എന്നത് പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നില്‍ കേരളം ആവശ്യപ്പെട്ടു. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ചിന്താരീതിയുടെയും സ്വകാര്യത മനസ്സിലാക്കണം. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അത് സുരക്ഷിതമാക്കി സംവിധാനങ്ങള്‍ കൂടി വേണം. അതിനായുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാരുകള്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്‍ മുനയിലാകുമെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നില്‍ കേരളം വാദിച്ചു. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.