തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ ഭാഗമായ ഇ വേ ബില്ലില്‍ നിന്ന് സ്വര്‍ണവും വെള്ളിയും വജ്രവും ഒഴിവാക്കിയതിനെതിരെ കേരളം. കേന്ദ്ര സര്‍ക്കാര്‍ നിലപാട് കള്ളക്കടത്തിനെ സഹായിക്കുന്നതെന്നും, കേന്ദ്രം നിലപാട് തിരുത്തണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇക്കഴിഞ്ഞ 29 നാണ് ചരക്ക് സേവന നികുതി പ്രകാരം ഇ വേ ബില്‍ ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. രേഖകളിലെ സാധനങ്ങള്‍ കടത്തി നികുതിവെട്ടിപ്പ് തടയുകയായിരുന്നു ലക്ഷ്യം. ഇതില്‍ നിന്നൊഴിവാക്കുന്ന സാധനങ്ങളുടെ പട്ടികയിലെ അവസാനത്തെ ഇനങ്ങളായാണ് സ്വര്‍ണവും വെള്ളിയും വജ്രവും ഇടം പിടിച്ചിട്ടുള്ളത്. ജിഎസ്ടി പ്രകാരം സ്വര്‍ണത്തിനും വജ്രത്തിനും 3 ശതമാനം നികുതിയുണ്ടെന്നിരിക്കെ ഇതിന്റെ കൈമാറ്റം അറിയാനുള്ള ഏക സംവിധാനത്തില്‍ നിന്ന് ഒഴിവാക്കുന്നത് കള്ളക്കടത്തുകാരെ സഹായിക്കാനാണെന്നാണ് കേരളത്തിന്റെ നിലപാട്.
കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന മേഖലകളിലൊന്നാണ് സ്വര്‍ണ വ്യാപാരം. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കേരളത്തില്‍ നിന്ന് പിടിച്ചത് 100 കിലോ സ്വര്‍ണം. നികുതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. വരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ വീണ്ടും ശക്തമായി എതിര്‍പ്പുന്നയിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. ജിഎസ്ടിയില്‍ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നികുതി നിശ്ചയിച്ചപ്പോഴും സര്‍ക്കാര്‍ സ്വര്‍ണക്കച്ചവടക്കാരെ സഹായിക്കുന്നെന്ന് ആക്ഷപമുണ്ടായിരുന്നു.
