തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തിൽ മെഡിക്കൽ മാനേജ്മെന്‍റുകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാവിലെ നിയമസഭയിലായിരിക്കും ചർച്ച. ചർച്ചക്ക് മുമ്പ് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേരും. ഫീസിൽ ഇളവെന്ന് എംഇഎസ് പ്രസിഡണ്ട് ഫസൽ ഗഫൂറിന്റെ നിർദ്ദേശമടക്കം യോഗം ചർച്ച ചെയ്യും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്റ് ബ്ലാങ്കിൽ ഫീസ് കുറക്കാമെന്ന് ഫസൽ ഗഫൂർ സമ്മതിച്ചെങ്കിലും പിന്നീട് ന്യൂസ് അവറിൽ നിലപാട് മാറ്റി.
പാവപ്പെട്ട് വിദ്യാർത്ഥികൾക്ക് മാത്രം ഇളവെന്നായിരുന്നു തിരുത്ത്. പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ മന്ദിരത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സ്വാശ്രയ പ്രശ്നമടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനായി സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ചേരും.
എൽഡിഎഫിൽ കൂടിയാലോചന നടത്താതെയാണ് സ്വാശ്രയ ഫീസ് നിശ്ചയിച്ചെതെന്ന് സിപിഐ നേതൃത്വത്തിന് പരാതിയുണ്ട്. കരാറടിസ്ഥാനത്തിലുള്ള ഫീസ് കൂടുതലാണെന്ന വികാരം സിപിഐ നേതാക്കൾ പറയുന്നെങ്കിലും പരസ്യപ്രതികരണത്തിന് ഇതുവരെ തയ്യാറായില്ല. സംസ്ഥാന നിർവാഹക സമിതി ഈ വിഷയം ഏത് രീതിയിൽ ചർച്ചചെയ്യുന്നുവെന്നത് പ്രധാന കാര്യമാണ്. സിപിഐക്ക് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷൻമാരെയും ഇന്ന് തീരുമാനിച്ചേക്കും.
