Asianet News MalayalamAsianet News Malayalam

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിക്കൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് വൻ റാക്കറ്റ്

Kerala police burst child porn racket
Author
First Published Dec 23, 2017, 10:57 PM IST

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ  പ്രചരിപ്പിക്കുന്ന വൻ സംഘം സംസ്ഥാനത്തുണ്ടെന്ന്  കേരള പൊലീസ്. 
പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം കൂട്ടായ്മയിലെ മൂന്നൂറിലേറെ അംഗങ്ങൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. കൂട്ടായ്മയിലെ പ്രധാനി അഷ്റഫലി കഴിഞ്ഞ ദിവസം പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയത്.

അമ്പരിപ്പിക്കുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവർത്തനം, പൂമ്പാറ്റയെന്ന ടെലിഗ്രാം കൂട്ടായ്മയിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം. അംഗങ്ങൾ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വീഡിയോ  ഇടക്കിടെ പോസ്റ്റ് ചെയ്യണമെന്നാണ് പൂമ്പാറ്റ ഗ്രൂപ്പിന്റെ പ്രധാന നിയമം. 

അല്ലാത്തവർ ഗ്രൂപ്പ് വിട്ടുപോകണം. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഗ്രൂപ്പിൽ 360 പേരുണ്ട്. .തന്ത്രപൂർവ്വം ഈ ഗ്രൂപ്പിൽ നുഴഞ്ഞുകയറി, വിവരങ്ങൾ ചോർത്തിയ  പൊലീസിനെ സഹായിക്കുന്ന സൈബർ ആക്ടീവിസ്റ്റ് ജൽജിത്താണ് പൂമ്പാറ്റ ഗ്രൂപ്പിനെ കുടുക്കിയത്. 

സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛൻ വരെ ഈ ഗ്രൂപ്പിൽ സജീവമാണ്. ഒരു ഗ്രൂപ്പിനെ കുടുക്കാനായെങ്കിലും ഇപ്പോഴും ഇത്തരം നിരവധി ഗ്രൂപ്പുകൾ സജീവമാണെന്ന് സൈബർഡോം അധികൃതർ പറയുന്നു. ഇന്ത്യയിലും വിദേശത്തും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾക്കുളള ഒട്ടേറെ ആവശ്യക്കാരുണ്ടെന്നാണ് കൂടുതൽപേരെ ഇതിലേക്കടുപ്പിക്കുന്നത്. 

ഇത്തരത്തിൽ പണം വസൂലാക്കുന്ന വൻ സംഘമാണ് ഇതിന് പുറകിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.ടെലഗ്രാം ആയതിനാൽ വാട്സ് ആപ് പോലെ അംഗങ്ങളുടെ നമ്പർകണ്ടെത്തുക എളുപ്പമല്ല എന്നതാണ് ഇത്തരക്കാരുടെ പഴുത്. പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios