കൊച്ചി മെട്രോയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ സൗജന്യ യാത്ര നടത്തുന്നതായാണ് കെഎംആര്‍എല്ലിന്‍റെ പരാതി. സുഹൃത്തുക്കളുമായെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും കെഎംആര്‍എല്‍ അധികൃതര്‍ എറണാകുളം റേഞ്ച് ഐജിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് പൊലീസിന്‍റെ നിലപാട്.

കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നും 128 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. മെട്രോ ഓടുന്ന പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകളാണ് ഇവരുടെ ചുമതയിലുള്ളത്. വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, ഓഫീസര്‍മാര്‍ എന്നിവര്‍ സൗജന്യ യാത്ര നടത്തുന്നുവെന്ന് കാണിച്ചാണ് കെഎംആര്‍എല്‍ എറണാകുളം റേഞ്ച് ഐജിയ്ക്ക് കത്ത് നല്‍കിയത്. ചില ഉദ്യോഗസ്ഥര്‍ സുഹൃത്തുക്കളുമായി എത്തുന്നതായും കെഎംആര്‍എല്ലിന് പരാതിയുണ്ട്. മെട്രോ യാത്രതുടങ്ങി ആദ്യ ആഴ്ചകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച മാത്രം 86,000 പേരാണ് മെട്രോ യാത്രയ്ക്കായി എത്തിയത്. ഇത്രയധികം യാത്രക്കാരെത്തുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സൗജന്യ യാത്ര ഒഴിവാക്കണമെന്നാണ് കെഎംആര്‍എല്‍ ഐജിയ്ക്ക് നല്‍കിയ കത്തിലുള്ളത്. കത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐജി കൈമാറി.

എന്നാല്‍ വിവിധ സ്റ്റേഷനുകളിലായി സുരക്ഷാ ചുമതയുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കഴിഞ്ഞ മടങ്ങുന്നതിനാണ് മെട്രോ ഉപയോഗിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ക്കായി പ്രത്യേക വാഹനം അനുവദിച്ചിട്ടില്ല. സുരക്ഷാ പരിശോധനകള്‍ നടത്തുന്നതും ട്രെയിനില്‍ യാത്ര ചെയ്തു തന്നെ വേണമെന്നും അതിന് ഇവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കണമെന്നുമാണ് പൊലീസ് കെഎംആര്‍എല്ലിന് നല്‍കിയ മറുപടി. സുരക്ഷാ ജീവനക്കാരുടെ യാത്ര വിവാദമാക്കിയതിലുള്ള അതൃപ്തിയും പൊലീസ് സേനയ്ക്കുണ്ട്.