ബംഗളുരുവിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.. അറസ്റ്റിലായ ഇര്‍ഫാന്‍ പാഷ, വസീം അഹമ്മദ്, മുഹമ്മദ് മഷര്‍, മുഹമ്മദ് മുജീബുള്ള എന്നിവര്‍ രുദ്രേഷിന്റെ കൊലപാതകത്തിന് മമ്പും ശേഷവും കേരളത്തിലെത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇര്‍ഫാന്‍ പാഷയ്ക്ക് കൊല്ലം കളക്ടറേറ്റ്, മൈസൂര്‍, ചിറ്റൂര്‍ കോടതികളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത സംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. കഴിഞ്ഞ ദിവസം ബംഗളുരുവിലെത്തിയ കേരള പൊലീസ് സംഘം ഇര്‍ഫാന്‍ പാഷ ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തു.

തമിഴ്‌നാടിലെ കോയന്പത്തൂരില്‍ നിന്നുള്ള പൊലീസ് സിഐഡി സംഘവും ആന്ധ്രാപ്രദേശ് പൊലീസും പ്രതികളെ ചോദ്യം ചെയ്തു. അല്‍ ഉമ്മയുമായി ഇര്‍ഫാന്‍ പാഷയ്ക്കുള്ള ബന്ധത്തെകുറിച്ചാണ് കേരള തമിഴ്‌നാട് ആന്ധ്രാ പൊലീസുകള്‍ ചോദിച്ചറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറം കോടതിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ അല്‍ ഉമ്മയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അതേ സമയം പ്രതികള്‍ കേരളത്തിലെത്തിയപ്പോള്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറുകള്‍ നിലവില്‍ സ്വിച്ച്ഡ് ഓഫാണെന്ന് ബംഗളുരു പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.. പ്രതികള്‍ കേരളത്തില്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, കണ്ട വ്യക്തികള്‍ എന്നിവരെ കുറിച്ച് കേരള പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.