മുഖം രക്ഷിക്കാൻ അച്ചടക്കനടപടി വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡി മരണത്തിലും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടികളിലും പൊലീസ് പാഠം പഠിച്ചില്ല
തിരുവനന്തപുരം: കേരള പൊലീസിന്‍റെ തുടർച്ചയായ വീഴ്ചകളിൽ ഒടുവിലത്തെ സംഭവമാണ് കെവിന്‍റെ കൊലപാതകം.വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡി മരണത്തിലും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടികളിലും പൊലീസ് പാഠം പഠിച്ചില്ല. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവം. റൂറൽ എസ്പിക്ക് സസ്പെൻഷൻ.
സിഐ അടക്കം 10 പൊലീസുകാർ അറസ്റ്റിൽ. പരാതിയിലും അറസ്റ്റിലും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള പൊലീസ് മേധാവിയുടെ സർക്കുലർ. പക്ഷെ കേരള പൊലീസ് ഒന്നും പഠിച്ചില്ല. കോവളത്ത് ലാത്വിയൻ സ്വദേശിയെ കാണാതായെന്ന് സഹോദരി പരാതിപ്പെട്ടിട്ടും ആദ്യ ദിവസങ്ങളിൽ പൊലീസ് ഒന്നും ചെയ്യാതിരുന്നു. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം കോവളം ബീച്ചിനടുത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
എടപ്പാളിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയതു. എസ്ഐക്കെതിരെയും പോക്സോ ചുമത്തി കേസെടുത്തു. തീർന്നില്ല, മുൻകൂർ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയിൽ വീടുകയറി എസ്ഐയുടെ നേതൃത്വത്തിൽ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്ഐക്ക് സസ്പെൻഷൻ.
ഏറ്റവും ഒടുവിൽ കോട്ടയത്തെ ക്രൂരമായ ദുരഭിമാനകൊല. കെവിന്‍റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്. അനങ്ങാതിരുന്ന ഒരു പകൽ ഉണർന്ന് പ്രവർത്തിച്ചെങ്കിൽ കെവിൻ മരിക്കില്ലായിരുന്നു. കോട്ടയം കേസിലും പതിവ് പോലെ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്തു. എസ്പിയെ മാറ്റി. ഒരു വർഷത്തിനിടെ വീഴ്ചകളിൽ മാത്രം സസ്പെൻഡ് ചെയ്യപ്പെട്ട എഎസ്ഐ മുതൽ സിഐവരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 18.
