വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവട കേസിൽ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. നിയമവിരുദ്ധ ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ഇഡി, ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും നിരീക്ഷിച്ചുവരികയാണ്.
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിൻ്റെ ഭാഗമായി സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ചോദ്യം ചെയ്തു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. ആശുപത്രിയുടെ എംഡി എസ്കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസെടുത്തതിന് പിറകെ ഒളിവിൽപോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകൾ ഉപയോഗിച്ചുള്ള അവയവ വാണിഭം.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യകണ്ണി നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷൻ നൽകിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി തേടുന്നത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ അടക്കം 6 ആശുപത്രികളിൽ നേരത്തെ പരിശോധന നടന്നിരുന്നു.



