Asianet News MalayalamAsianet News Malayalam

മണ്ഡലമകര വിളക്ക് : ശബരിമലയില്‍ അയ്യായിരം പൊലീസുകാര്‍

മണ്ഡലമകര വിളക്ക് സീസണിൽ സുരക്ഷാ ചുമതലയ്ക്ക് എത്തുക അയ്യായിരം പൊലീസുകാരെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം

kerala police to deploy 5000 cops in sabarimala for next season
Author
Thiruvananthapuram, First Published Oct 24, 2018, 9:59 PM IST

തിരുവനന്തപുരം: മണ്ഡലമകര വിളക്ക് സീസണിൽ സുരക്ഷാ ചുമതലയ്ക്ക് എത്തുക അയ്യായിരം പൊലീസുകാരെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും. 

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പോലീസിനെ നല്കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കും. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. 

സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കും. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഗണിച്ച് തീര്‍ത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തും. ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. 


സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇവയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.
 

Follow Us:
Download App:
  • android
  • ios