ജോർജ് കർണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇന്ന് കർണാകടത്തിലേക്ക് പോകും. പ്രതിയെയും സഹായികളെയും പിടികൂടിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നല്‍കി.
ബത്തേരി: ബലാത്സംഗ കേസിൽ മുൻ കോൺഗ്രസ് നേതാവ് ഒ എം ജോർജിനായി പൊലീസ് തെരച്ചിൽ തുടരുന്നു. ജില്ലയിൽ ജോർജ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് രണ്ടംഗ സംഘമായി തിരിഞ്ഞ് പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായിരുന്നില്ല. ജോർജ് കർണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇന്ന് കർണാകടത്തിലേക്ക് പോകും.
ജോർജ് മൈസൂരോ ബെംഗലുരുവിലോ ഉണ്ടാകാമെന്നാണ് അടുത്ത ബന്ധുക്കളില്‍ ചിലർ നല്‍കിയ സൂചന. ബെംഗലുരുവിൽ താമസിക്കുന്ന ജോർജിന്‍റെ ഉറ്റ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ജോർജ് കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ട് തന്നെ ബത്തേരി, കല്‍പറ്റ, മാനന്തവാടി കോടതികളിലെത്തുന്നവർ പോലീസ് നിരീക്ഷണത്തിലാണ്.
പീഡനത്തിനിരയായ പെൺകുട്ടി ഇന്നലെ രാത്രി ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി. ഇതിന്‍റെ പകര്‍പ്പ് ഇന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം നാലുമണിക്കു മുമ്പ് പ്രതിയെയും സഹായികളെയും പിടികൂടിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നല്‍കി. ബത്തേരി അര്‍ബൻ ബാങ്ക് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ജോർജിനെ പുറത്താക്കിയില്ലെങ്കില്‍ ഡിവൈഎഫ്ഐയും ഇന്നു വൈകിട്ട് ബാങ്കിനു മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്ന് അറിയിച്ചു.
