കൊച്ചി: പൊതുസ്ഥലത്ത് സ്‌ത്രീസുരക്ഷയ്‌ക്കായി ഒട്ടേറെ പദ്ധതികളും ഹെല്‍പ്‍ലൈന്‍ നമ്പറുകളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനക്ഷമമല്ല. ലക്ഷകണക്കിന് രൂപ ചെലവിട്ട് തുടങ്ങിയ പിങ്ക് പൊലീസ് സംവിധാനം കൊണ്ടും ഗുണം കിട്ടുന്നില്ലെന്നാണ് സ്‌ത്രീകള് പറയുന്നത്.

കഴിഞ്ഞ നവംബറില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയതാണ് പിങ്ക് പൊലീസ് സംവിധാനം. പൊതുസ്ഥലത്ത് ഏതെങ്കിലും മോശമായ അനുഭവമുണ്ടായാല്‍ 1515 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാല്‍ ഉടന്‍ ആധുനിക സൗകര്യങ്ങളോടെയുളള പൊലീസ് സംഘമെത്തുമെന്നാണ് പൊലീസിന്റെ വാഗ്ദാനം.

കൊച്ചി ദര്‍ബാര്‍ ഹാളിനു സമീപത്തു വെച്ച് പിങ്ക് പൊലീസിന്‍റെ സഹായം തേടി ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു.കോള്‍ കിട്ടിയത് തിരുവനന്തപുരത്ത്. മറ്റ് കോളുകള്‍ വരുന്നതിനാലാണ് കൊച്ചിയില്‍ നിന്നുളള ഫോണ്‍ കോള്‍ തിരുവനന്തപുരത്തെത്തുന്നതെന്നാണ് വിശദീകരണം. അല്‍പ്പം കഴിഞ്ഞ് വീണ്ടും ഇതേ നമ്പറിലേക്ക് വിളിച്ചു.ഫോണെടുക്കുന്നത് തിരുവനന്തപുരത്ത് തന്നെ.

എപ്പോള്‍ വിളിച്ചാലും ഇതുതന്നെയാണ് അവസ്ഥയെന്ന് അനുഭവസ്ഥര്‍ പറയുന്നു. രാത്രി 8 മണിക്കു ശേഷം വിളിച്ചാല്‍ പിങ്ക് പൊലീസിന്റെ സേവനം ലഭ്യമാകുകയുമില്ല. റയില്‍വെയിലെ വനിതാ ഹെല്‍പ് ലൈനിലേക്ക് വിളിച്ചാല്‍ ആരും ഫോണെടുക്കുമെന്ന് പ്രതീക്ഷിക്കരുത്.