ജൂണ്‍ മാസം 18നാണ് പ്രവാസി ചിട്ടി പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്.

തിരുവനന്തപുരം: പ്രവാസിചിട്ടിയിലെ പണം കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് ചട്ടവിരുദ്ധമെന്ന ആക്ഷേപം തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് . നിയമവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടത്തിയാണ് പദ്ധതി തയ്യറാക്കിയത്. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു.

അംഗീകൃത ബാങ്കുകളില്‍ മാത്രമേ സെക്യുരിറ്റിതുകയും ചിട്ടി തുകയും നിക്ഷേപിക്കാവൂ എന്നാണ് ചിട്ടി നിയമത്തിലെ വ്യവസ്ഥ. ബാങ്ക് അല്ലാത്ത കിഫ്ബിക്ക് സെക്യുരിറ്റി തുക നല്‍കുന്നതും അത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതും നിയമലംഘനമാണ്. മുന്‍ ധനമന്ത്രി കെ.എം.മാണിയാണ് ഈ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ കേന്ദ്ര ചിട്ടിനിയമത്തിലെ 87ആം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഇളവുകള്‍ നല്‍കാന്‍ അധികാരമുണ്ട്.അതനുസരിച്ച് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. 

ജൂണ്‍ മാസം 18നാണ് പ്രവാസി ചിട്ടി പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്. ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ പദ്ധതിയിൽ താതപര്യം പ്രകടിപ്പിച്ചു. പതിനായിരത്തോളം പേര്‍ രജിസ്ട്രേഷനെടുത്തുവെന്നും കെ.എസ്.എഫ്.ഇ വൃത്തങ്ങൾ വിശദീകരിക്കുന്നു.