കൊച്ചി: പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍. രൂപീകരിച്ച് ഒരു വര്‍ഷമായിട്ടും ഓഫീസും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയില്ല. അധ്യക്ഷനടക്കം അഞ്ച് അംഗങ്ങളില്‍ ഇപ്പോഴുള്ളത് മൂന്ന് പേര്‍ മാത്രം. സൗകര്യമേര്‍പ്പെടുത്താന്‍ കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.

പ്രവാസികളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് പി. ഭവദാസന്‍ അധ്യക്ഷനായി പ്രവാസി കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. നാല് അംഗങ്ങള്‍ കൂടി ചുമതല ഏറ്റെടുത്തിരുന്നെങ്കിലും പ്രായപരിധി കഴിഞ്ഞതിനാല്‍ രണ്ടംഗങ്ങള്‍ പുറത്തായി. അവശേഷിക്കുന്ന രണ്ടു പേരിലൊരാളായ പിഎംഎ സലാം ജൂണില്‍ വിരമിക്കുന്നതോടെ കമ്മീഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റും.

ഓഫീസും വാഹനവും മറ്റ് സൗകര്യങ്ങളും ഒരു മാസത്തിനകം അനുവദിക്കണമെന്ന് ഹൈകോടതി കഴിഞ്ഞ ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ജസ്റ്റിസ് ഭവദാസന്‍ വിമര്‍ശിച്ചു. ജസ്റ്റിസ് ഭവദാസന്റെ കൊച്ചിയിലെ വീട്ടിലാണ് ഒരു വര്‍ഷമായി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. നോര്‍ക്കയ്‌ക്കും മുഖ്യമന്ത്രിക്കും പലതവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. മൂന്ന് വര്‍ഷം കാലാവധിയുള്ള കമ്മീഷനാണ് ഒരുവര്‍ഷമായിട്ടും വെള്ളാനയായി മാറിയിരിക്കുന്നത്.