ബോർഡ് ഓഫ് പീസിൽ ചേരുന്നത് ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ട്രംപിന്‍റെ സമിതിയിൽ എത്ര രാജ്യങ്ങൾ ചേരും എന്നത് നിരീക്ഷിക്കുമെന്നും, സ്വതന്ത്ര പലസ്തീൻ എന്ന ഇന്ത്യൻ നിലപാടിനോട് ട്രംപിൻറെ സമീപനം വ്യക്തമല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
വാഷിങ്ടൺ: ലോക സമാധാനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെ സ്ഥിരം മേധാവിയാക്കി പുതിയ അന്താരാഷ്‌ട്ര സംഘടന 'ബോർഡ് ഓഫ് പീസ്' നിലവിൽ വന്നതായി വൈറ്റ് ഹൗസ്. ട്രംപ് സ്ഥിരം മേധാവിയായി തുടരുന്ന സമിതിയിൽ ചേരാനായി അമേരിക്ക 50 ഓളം രാജ്യങ്ങൾക്ക് ക്ഷണം അയച്ചിരുന്നു. എന്നാൽ ഇതുവരെ ഒപ്പുവെച്ചത് പാകിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ മാത്രമമാണ്. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾ ട്രംപിന്‍റെ ബോർഡ് ഓഫ് പീസിൽ ചേരാതെ വിട്ടുനിന്നു. പുതിയ നീക്കം നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയാണെന്നാണ് വിമർശനം. ഐക്യരാഷ്ട്ര സഭയും ട്രംപിന്‍റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
ബോർഡ് ഓഫ് പീസിൽ ചേരുന്നത് ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ട്രംപിന്‍റെ സമിതിയിൽ എത്ര രാജ്യങ്ങൾ ചേരും എന്നത് നിരീക്ഷിക്കുമെന്നും, സ്വതന്ത്ര പലസ്തീൻ എന്ന ഇന്ത്യൻ നിലപാടിനോട് ട്രംപിൻറെ സമീപനം വ്യക്തമല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം ബ്രസീൽ പ്രസിഡൻറ് ലുല ദ സിൽവയുമായും മോദി വിഷയം ചർച്ച ചെയ്തു. ഇതിനിടെ ബോർഡ് ഓഫ് പീസിൽ ചേർന്നതിനെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
യുഎഇ, ഖത്തർ, ഇന്തോനേഷ്യ, അർജന്റീന, തുർക്കി, ബഹ്‌റൈൻ സംഘടനിൽ ചേർന്നിട്ടുണ്ട്. എന്നാൽ ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നീ യുഎൻ സുരക്ഷാ സമിതി സ്ഥിരാംഗങ്ങൾ ഉൾപ്പെടെ ട്രംപിന്റെ നടപടിയോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ട്രംപിന്‍റെ സമിതിയിൽ അംഗത്വത്തിനായി ഒരു ബില്യൻ ഡോളർ നൽകണം. അതേസമയം ബോർഡ് ഓഫ് പീസ് സമിതിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാൻസിനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്ത് വന്നിരുന്നു. ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

