പിന്നീട് വിചാരണയ്ക്കിടയില്‍ നടന്നത് നാടകീയമായ സംഭവങ്ങളായിരുന്നു. വിചാരണക്കിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മൊഴിമാറ്റി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു

തലശ്ശേരി: പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് പ്രമാദമായ കൊട്ടിയൂര്‍ ബലാത്സംഗ കേസ്. ഫാ.റോബിനെ രക്ഷിക്കാന്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. നേരത്തെ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി പ്രതികള്‍ സുപ്രീംകോടതി വരെ പോയി അപ്പോള്‍ വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.

പിന്നീട് വിചാരണയ്ക്കിടയില്‍ നടന്നത് നാടകീയമായ സംഭവങ്ങളായിരുന്നു. വിചാരണക്കിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മൊഴിമാറ്റി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ ഇവര്‍ ഹാജറാക്കി. എന്നാല്‍ കേസില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്‍റെ പിതാവ് ആര് എന്നത് സംബന്ധിച്ച ഡിഎന്‍എ ഫലം പുറത്ത് വന്നു. എന്നാല്‍ കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. ഒപ്പം പെണ്‍കുട്ടിയുടെ പ്രായം 18-ന് മുകളില്‍ ആണ് എങ്കില്‍ ഈ ഡിഎന്‍എ തെളിവിന് ഒരു പ്രസക്തിയും ഇല്ല എന്ന അവസ്ഥയിലേക്ക് വിചാരണ നീങ്ങി.

എന്നാൽ, അതിനിടയില്‍ പെണ്‍കുട്ടിയുടെ ജനനസമയത്ത് രേഖപ്പെടുത്തിയ ലൈവ് റജിസ്ട്രര്‍ പൊലീസ് ഹാജരാക്കി. അന്വേഷണ സംഘം ഹാജരാക്കിയ ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടി ജനിച്ചത് 1999-ലാണെന്ന് വ്യക്തമായി. അതുവരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം വാദിച്ചത് പെണ്‍കുട്ടി പിറന്നത് 1997 ല്‍ ആണ് എന്നായിരുന്നു. ഇത് പ്രകാരം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത് ഉഭയകക്ഷി സമ്മത പ്രകാരമാണ് എന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം ഇട്ടത്. എന്നാല്‍ പുതിയ തെളിവ് വന്നതോടെ ഈ നീക്കം പൊളിഞ്ഞു.

ഇതോടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും ഇതോടെ നിര്‍ണ്ണായകമായി. കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റർ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്സോ കോടതി പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചത്.