കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്തുളള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വിശദമായ വാദം കേൾക്കണമെന്നുമാണ് വിവിധ കോളജുകൾ സമർപ്പിച്ച ഹ‍ർജിയിലുളളത്. 

ഇന്നലെ ഹ‍ർജികൾ പരിഗണിച്ചെങ്കിലും ജസ്റ്റീസ് പി ആർ രാമചന്ദ്രമേനോനും ജസ്റ്റീസ് അനിൽ കെ നരേന്ദ്രനും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ നിന്നും ഒഴിവായി. ജസ്റ്റീസ് കെ സുരേന്ദ്ര മോഹനും ജസ്റ്റീസ് മേരി ജോസഫും അടങ്ങിയ പുതിയ ബെഞ്ചാകും ഇന്ന് ഹർജികൾ പരിഗണിക്കുക. 

സീറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി സ്വകാര്യമാനേജ്മെന്‍റുകളുടെ അവകാശത്തിൻമേലുളള കടന്നുകയറ്റവും 
മുൻ ധാരണകളുടെ ലംഘനവുമാണെന്നാണ് പ്രധാന വാദം. ഹ‍‍ർജികളെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സർക്കാർ നിർദ്ദേശം അട്ടിമറിക്കാൻ ശ്രമിച്ചാൽ പ്രവേശനം അംഗീകരിക്കില്ലെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യ സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സർക്കാർ നിർദ്ദേശിച്ചത് പ്രകാരം പ്രവേശനം നടത്തിയില്ലെങ്കിൽ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം കെ സി നായർ വ്യക്തമാക്കി.