മഴക്കെടുതിയിൽ ഇന്ന് മാത്രം 22  പേര്‍ മരിച്ചു.  22 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ദുരന്തം നേരിടാനായി സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടി. ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. മഴക്കെടുതിയിൽ ഇന്ന് മാത്രം 22 പേര്‍ മരിച്ചു. 22 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ദുരന്തം നേരിടാനായി സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടി. ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷത്തിന്‍റെ ശക്തമായത്. മധ്യകേരളത്തിലും മലബാറിലുമാണ് കനത്ത നാശമുണ്ടായത്. ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മലപ്പുറം ചെട്ടിയാംപാറയിൽ അഞ്ച് പേരാണ് മരിച്ചത്. വയനാട് മൂന്ന് പേരും കോഴിക്കോട് ഒരാളും മരിച്ചു. മൂവാറ്റുപുഴ മണ്ണൂരിൽ രണ്ട് പ്ലസ്ടു വിദ്യാഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു. 

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ചെറുതോണി ഉള്‍പ്പെടെ 22 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകള്‍ കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തി. ആറു സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗലൂരുവില്‍ നിന്ന് വ്യോമമാര്‍ഗ്ഗം എത്തിക്കും. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ദുരിത മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റവന്യൂ ഓഫീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഉരുള്‍പൊട്ടലില്‍ കിടുങ്ങി ഇടുക്കി

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക ഉരുൾപൊട്ടൽ. നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. അടിമാലി, കൊരങ്ങാട്ടി, കീരിത്തോട്, മുരിക്കാശ്ശേരി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. അടിമാലിയിൽ പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ഉരുൾ പൊട്ടലിൽ ഒരു വീട് നിശ്ശേഷം തകർന്നു. 

ഈ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. അടിമാലി സ്വദേശി ഹസൻകോയയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, മിയ എന്നിവരാണ് മരിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഹസൻകോയെയും ബന്ധു മുജീബിനെയും പരിക്കുകളോടെ പുറത്തെത്തെടുത്തു. എട്ടരയോടെയാണ് മറ്റു മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊരങ്ങാട്ടിയിൽ ഉരുൾപൊട്ടലിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു. കീരിത്തോട് പെരിയാർവാലിയിലും കുരിശുകുത്തിയിലും ഉരുൾപൊട്ടി മൂന്ന് പേരും മുരിക്കാശ്ശേരി രാജപുരത്ത് മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നാ‍ർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാത, അടിമാലി-കുമളി, അടിമാലി_രാജാക്കാട് റോഡുകളിലെല്ലാം മണ്ണിടിഞ്ഞ് വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു.

നിലമ്പൂര്‍ ഉരുള്‍ പൊട്ടലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍

മലപ്പുറം നിലമ്പൂരിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. നിലമ്പൂര്‍, വണ്ടൂര്‍, കരുവാരന്‍കുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നാലിടത്താണ് ഉരുള്‍പൊട്ടിയത്. 

നിലമ്പൂരിന് സമീപം ചെട്ടിയാംപാറ, കരുവാരക്കുണ്ട്, ചേരി, കല്‍ക്കുണ്ട് എന്നിവിടങ്ങളില്‍. ചെട്ടിയാംപാറ ആദിവാസി കോളനിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. പറപ്പാടന്‍ സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സുബ്രഹ്മണ്യന്‍റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നിവേദ്, നവനീത്, ബന്ധു മിധുന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്.

നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. വണ്ടൂര്‍ _ നടുവത്ത് കാപ്പില്‍ റോഡ് രണ്ടായി പിളര്‍ന്നു. കോഴിക്കോട് _ നിലന്പൂര്‍ _ ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉള്‍പ്രദേശങ്ങളില്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഇടപെടാന്‍ 70 അംഗ സൈന്യം മലപ്പുറത്തെത്തി.

ഇടുക്കി അണക്കെട്ട് തുറന്നിടും

"

ജലനിരപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതിനെ തുടർന്നാണ് ഇടുക്കിയിൽ അടിയന്തരമായി ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്.
ജലനിരപ്പ് താഴാത്തതിനാൽ രാത്രിയിലും ട്രയൽ തുടരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ2,399.4 അടിയാണ് ജലനിരപ്പ്. ഒരു ഷട്ടർ 50 സെന്‍റിമീറ്റര്‍ ഉയർത്തി ട്രയൽ റൺ ജലനിരപ്പ് താഴാത്തതിനാൽ രാത്രിയിലും ട്രയൽ റൺ പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
സുരക്ഷ മുൻകരുതലുകളുമായി ജില്ല ഭരണകൂടം ഉച്ചകഴിഞ്ഞ് 12.30. 26 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു.

അദ്യം 30 സെന്‍റിമീറ്ററും പിന്നീട് 20 സെന്‍റിമീറ്ററും ഷട്ടർ ഉയർത്തിയതോടെ നിമിഷങ്ങൾക്കുള്ളിൽ ചെറുതോണി ടൗണിലേക്ക് വെള്ളമെത്തി. 50 സെന്‍റിമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ ഓരോ സെക്കന്‍റിലും 50,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇടമലയാർ അണക്കെട്ട് തുറന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാതിരിക്കാൻ ട്രയൽ റൺ ഇന്ന് നടത്തേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. 

എന്നാൽ മഴ കനത്ത് നീരൊഴുക്ക് വർദ്ധിച്ചതോടെ ട്രയൽ റണ്ണിന് സർക്കാർ ഉത്തരവിടുകയായിരുന്നു. ട്രയൽ റൺ നാല് മണിക്കൂർ നടത്താനായിരുന്നു ധാരണ. എന്നാൽ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ രാത്രിയിലും നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടാൻ തീരുമാനമായി. ഷട്ടർ ഉയർത്തുന്നതിന് മുന്പ് തന്നെ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ ക്രമീരണങ്ങൾ സജ്ജമാക്കിയിരുന്നതിനാൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല‍.

എറണാകുളം വെള്ളത്തില്‍

ഇടുക്കി , ഇടമലയാർ ഡാമുകൾ തുറന്നതോടെ എറണാകുളം ജില്ലയുടെ താഴ്ന്നപ്രദേശങ്ങൾ വെളളത്തിലായി. ആയിരത്തയ‌ഞ്ഞൂറോളം പേരെയാണ് 35 ദുരിതാശ്യാസ ക്യാന്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. നെടുന്പാശേരിയിൽ വിമാന സർവീസുകൾക്ക് രണ്ട് മണിക്കൂറോളം നിയന്ത്രണം ഏർപ്പെടുത്തി

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പുലർച്ചേ 5 മണിക്കാണ് ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നത്. മറ്റ് രണ്ടുഷട്ടറുകൾ കൂടി എട്ടുമണിയോടെ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് അതിവേഗമുയർന്നു. ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി. കാലടി , കാഞ്ഞൂർ മേഖലകളിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് വീടുകളിലേക്ക് വെളളം കയറി തുടങ്ങിയത്. രണ്ടു മണിയോടെ പെരുയാറിന്‍റെ കരയിലുളള എലൂർ , മഞ്ഞുമ്മൽ മേഖലകളിലെ വീടുകളിലേക്കും വെളളം ഇരച്ചെത്തി

വൈകുന്നരത്തോടെ ഇടുക്കി അണക്കെട്ടിലെ വെളളം കൂടി ഒഴുകിയെത്തിയതോടെ പെരിയാറിന്‍റെ കരകളിലെ ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായി. ആലുവ , കാലടി, ഏലൂർ മേഖലകളിലെല്ലാം ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നെടുന്പാശേരി വിമാനത്താവളത്തിന് സമീപമുളള ചെങ്ങൽതോട് നിറഞ്ഞ് കവിഞ്ഞതോടെയാണ് രണ്ടു മണിക്കൂറോളം വിമാനങ്ങൾ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇതിനിടെ മൂവാറ്റുപുഴ ഐരാപുരത്ത് രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കീഴില്ലം സെന്‍റ് തോമസ് സ്കൂളിലെ വിദ്യാർഥികളായ അലൻ തോമസ് , ഗോപീകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 

പാലക്കാട് നഗരം വെള്ളത്തില്‍

മുമ്പെങ്ങുമില്ലാത്ത വിധം മഴകനത്തപ്പോൾ പാലക്കാട് നഗരമുൾപ്പെടെ വെളളത്തിനടിയിൽ. മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തിയതോടെ, കൽപാത്തി, പറളി പുഴകളിൽ വെളളം വൻതോതിൽ ഉയർന്നു.സുന്ദരമഠം, ആണ്ടിമഠം, കോളനികളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. 10 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. അഗ്നിശമന സേന, പൊലീസ് എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി . കൽപ്പാത്തി പുഴയോരത്തെ നിരവധി വീടുകൾ നശിച്ചു. നഗരത്തിലെ ബൈപാസിലും പ്രധാന പാതകളിലും കനത്ത വെളളക്കെട്ടുളളതിനാൽ ഗതാഗതം താറുമാറായി.

മഴയുടെ ശക്തി അനുസരിച്ചായിരിക്കും മലമ്പുഴ ഉൾപ്പെടെയുളള അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തുന്ന കാര്യത്തിൽ തീരുമാനമാവുക
കവിളുപാറ, കടപ്പാറ മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കല്ലടിക്കോട് ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപായമില്ല . അട്ടപ്പാടി ചുരം മണ്ണിടിച്ചിൽ ഭീതിയിലാണ്.മിക്ക ഊരുകളും ഒറ്റപ്പെട്ടു. കനത്ത വെളളക്കെട്ടുളള പട്ടാമ്പി കൊടുമുണ്ട, നമ്പ്രംകടവ് ,വെളളിയാങ്കല്ല് പാലം എന്നിവിടങ്ങളിൽ യാത്രാനിരോധമുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ അൽപം ശമിച്ചത് നേരിയ ആശ്വാസം നൽകി.

കോഴിക്കോടും കണ്ണൂരും ഉരുള്‍പൊട്ടല്‍

"

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 17 ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു.ദുരന്തനിവാരണ സേനക്കൊപ്പം സൈന്യവും കോഴിക്കോട്ടെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഉരുള്‍പൊട്ടലറിഞ്ഞ് കണ്ണപ്പന്‍ കുണ്ടിലേക്ക് എത്തുമ്പോള്‍ സഞ്ചരിച്ചിരുന്ന കാര്‍ സഹിതമാണ് മട്ടിക്കുന്ന് സ്വദേശി രജിത്ത് ഒഴുക്കില്‍പെട്ടത്.

കാണാതായ പ്രദേശത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ വള്ളിയാട് മണല്‍വാരി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.കഴിഞ്ഞരാത്രി പതിനൊന്നരയോടെയാണ് കണ്ണപ്പന്‍കുണ്ട് മയിലണ്ണാംപാറ വനത്തില്‍ ഉരുള്‍പൊട്ടിയത്. മട്ടികുന്ന് പാലത്തില്‍ വലിയ പാറകളും മരങ്ങളും അടിഞ്ഞതോടെ പുഴ ഗതിമാറി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി.

അറുപതംഗ സൈന്യമാണ് ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാനും, തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും സൈന്യത്തെ വിന്യസിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കരി‍ഞ്ചോലമല സന്ദര്‍ശിച്ച കേന്ദ്രസംഘം കണ്ണപ്പന്‍കുണ്ടിലുമെത്തി. പക്ഷേ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമാക്കില്ലെന്നാണ് സംഘത്തലവന്‍ പറയുന്നത്. 

കണ്ണപ്പന്‍കുണ്ടിന് പുറമെ പുല്ലൂരാംപാറ, മുത്തപ്പന്‍പുഴ, പൂവാറന്‍തോട് ചെമ്പുകടവ് തുടങ്ങിയ പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. പ്രദേശങ്ങളിലെ മുപ്പതോളം വീടുകള്‍ തകര്‍ന്നു. താമരശേരി, തിരുവമ്പാടി എന്നിവിടങ്ങളിലായി 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണ്ണൂരില്‍ കേളകം, കരിച്ചാല്‍, കൊട്ടിയൂര്‍ ആറളം എന്നിവിടങ്ങളിലായി ഒന്‍പത് ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. 3 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ 80 വീടുകള്‍ മണ്ണും വെള്ളവും കയറി വാസയോഗ്യമല്ലാതായി. തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വണ്ടികള്‍ക്ക് മാത്രമാണ് യാത്രാനുമതി.

മോശം കാലാവസ്ഥ മൂലം ദുരിതാശ്വാസ പ്രവര്ത്തനങ്ങള്‍ക്കായി ഹെലികേപ്ടറിലെത്തിയെ നേവിയുടെ സംഘത്തിന് വയനാട്ടില്‍ ഇറങ്ങാനായില്ല
ജില്ലയില്‍ ഉരുള്‍പോട്ടലില്‍ മൂന്നുപേര്‍ മരിച്ചു. ഇപ്പോഴും മിക്കയിടത്തും മഴ തുടരുകയാണ്. ഏഴിടത്ത് ഉരുള്‍പോട്ടലുണ്ടായി മക്കിമലയിലെ ദമ്പതികളായ റസാഖും സീനത്തും വൈത്തിരി ലക്ഷം വീടുകോളനിയിലെ ജോര്ജ്ജിന്‍റെ ഭാര്യ ലില്ലിയും മരിച്ചു.

ഇന്ന് 113 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4148 പേര്‍ കഴിയുന്നു. റവന്യു പോലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസപ്രവ്ര‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പലയിടത്തും എത്തിപെടാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപെട്ടുകഴിയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേവി എത്തുമെന്നറിയിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്ടര്‍ ബത്തേരിയില്‍ ഇറക്കാനായില്ല പ്രോഫഷണ്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള‍്ക്ക് നാളെയും അവധിയാണ്. സാഹചര്യം മോശമാണെന്ന് കണ്ട് ജില്ലാ കളക്ടര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.