പ്രളയത്തിന് തൊട്ടടുത്ത ദിവസം പുഴയിൽ നിന്നുള്ള മാലിന്യം മലയാറ്റൂർ പാലത്തിൽ വന്നിടിഞ്ഞിരുന്നു . ഈ മാലിന്യം നീക്കം ചെയ്ത നാട്ടുകാർ ഇത് തിരിച്ച്  പെരിയാറിലേക്ക് തന്നെ ഒഴുക്കുകയായിരുന്നു

കൊച്ചി: പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണം തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് ഹൈക്കോടതി. മുന്‍കാലങ്ങളില്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രളയ കാലത്ത് കരയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോള്‍ ഈ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് എറിയുകയാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രളയത്തിന് തൊട്ടടുത്ത ദിവസം പുഴയിൽ നിന്നുള്ള മാലിന്യം മലയാറ്റൂർ പാലത്തിൽ വന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ മാലിന്യം നീക്കം ചെയ്ത നാട്ടുകാർ ഇത് തിരിച്ച് പെരിയാറിലേക്ക് തന്നെ ഒഴുക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

പ്രളയം മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കുന്ന പ്രത്യേക മാപ്പ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ജില്ലകളിലെ ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മാപ്പുണ്ടാക്കണമെന്നും ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ ഷിബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.