യുഡിഎഫിന്‍റെ കടുംവെട്ട് ഭേദഗതിക്കുള്ള ഇടതിന്‍റെ തിരുത്ത് ഭേദഗതിയിലും കള്ളക്കളി. 2008ന് മുമ്പുള്ള വയൽ നികത്തൽ സാധുകരിക്കാനായിരുന്നു യുഡിഎഫ് സർക്കാർ നെൽവയൽ-തണ്ണീർത്തട നിയമത്തിൽ 3 A എന്ന ഭേദഗതി കൊണ്ടുവന്നത്. ന്യായവിലയുടെ 25 ശതമാനം ഈടാക്കി സ്വകാര്യ ആവശ്യത്തിനായുള്ള നികത്തലിന് സാധൂകരണം നൽകുന്ന ഭേദഗതി വൻ വിവാദമായി. ഭേദഗതി പൂർണ്ണമായും പിൻവലിക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രഖ്യാപനം. പിണറായി മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തിരുത്ത് ഭേദഗതിയിൽ വയൽ നികത്തിയവരെ സന്തോഷിപ്പിക്കുന്ന പഴുതാണുള്ളത്.

3 A പിൻവലിക്കുമ്പോഴും അത് പ്രകാരം തുടങ്ങിയ ഏത് നടപടികളും അതിൻപ്രകാരമുള്ള അപേക്ഷ നൽകിയവരുടെ അവകാശവും നിലനിർത്തുന്നു. 3 A പ്രകാരം കിട്ടിയ 52 വൻകിടക്കാരുടെ അപേക്ഷകളിൽ ഏതാണ്ട് 65 ഏക്കറിലധികം വയൽ നികത്തിയത് സാധൂകരിച്ച് യുഡിഎഫ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതും നിലനിൽക്കും. ഒപ്പം സാധുകരണത്തിനായുള്ള 93,000 ത്തോളം അപേക്ഷകളും നിലനിൽക്കും. 

അതായത് വെറും 500 രൂപ കൊടുത്ത് അപേക്ഷിച്ചവർക്ക് പോലും പുതിയ ഭേദഗതി വന്നാലും രക്ഷപ്പെടാം എന്നർത്ഥം. ഇനി ആ‌ർക്കും പുതുതായി അപേക്ഷിക്കാനാകില്ല എന്നുള്ളത് മാത്രമാണ് തിരുത്ത് ഭേദഗതി കൊണ്ടുള്ള നേട്ടം. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു അപേക്ഷയിലും സാധൂകരണത്തിന് ഇനി അനുമതി നൽകില്ലെന്നാണ് റവന്യുമന്ത്രിയുടെ പ്രതികരണം. 

പൂർണ്ണമായ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാതെയുള്ള 3 A നടപ്പാക്കൽ ഹൈക്കോടതി തടഞ്ഞതാണെന്നും ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ പുതിയ ഭേദഗതിയിൽ നിന്നും അപേക്ഷിച്ചവരെ ഒഴിവാക്കിയതിനെ കുറിച്ച് റവന്യു മന്ത്രി ഒന്നും പറഞ്ഞില്ല. ചുരുക്കത്തിൽ യുഡിഎഫ് കയ്യയച്ച് സഹായിച്ച വയൽ നികത്തിയ വൻതോക്കുകൾക്ക് ഇടത് കാലത്തും ഒരു പ്രശ്നവുമില്ല.