കോഴിക്കോട്: എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കോഴിക്കോട് തോട്ടുമുക്കം സ്വദേശിയായ അധ്യാപകനിലേക്കും നീളുന്നു. പരീക്ഷാബോര്‍ഡിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ കെ എസ് വിനോദെന്ന അധ്യാപകന്‍ നടത്തുന്ന സ്ഥാപനത്തിന് ചോദ്യങ്ങള്‍ ചോര്‍ത്തി കൊടുത്തെന്ന നിഗമനത്തിലാണ് പോലീസ്. മെറിറ്റ് എന്ന സ്ഥാപനം വിതരണം ചെയ്ത ചോദ്യപേപ്പറിലെ ചോദ്യങ്ങളാണ് എസ്എസ്എല്‍സി പൊതു പരീക്ഷയില്‍ ആവര്‍ത്തിച്ചത്.

തിരൂര്‍ വെള്ളച്ചാല്‍ സിപിപിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ കെ എസ് വിനോദാണ് മെറിറ്റ് എന്ന സ്ഥാപനം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഈ പശ്ചാത്തലത്തിലാണ് വിനോദിലേക്ക് നീളുന്നത്. പരീക്ഷാ ബോ്‍ഡിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ മെറിറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും, പൊതു പരീക്ഷക്കായി തയ്യാറായക്കിയ ചോദ്യങ്ങള്‍ ഇവര്‍ മെറിറ്റിന് ചോര്‍ത്തികൊടുത്തുവെന്നുമാണ് പോലീസിന്‍റെ നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് തോട്ടുമുക്കത്തെ വീനോദിന്‍റെ വീട്ടിലെത്തിയെങ്കിലും ആരേയും കാണാന്‍ കഴിഞ്ഞില്ല.മെറിറ്റുമായി ബന്ധപ്പെട്ട പ്രധാന പ്രവര്ഡത്തനങ്ങള്‍ വിനോദിന്‍റെ വീട്ടിലാണ് നടന്നിരുന്നതെന്നും, അധ്യാപകരില്‍ നിന്ന് വിനോദ് ചോദ്യാവലി വാങ്ങാറുണ്ടായിരുന്നുവെന്നുും മെറിറ്റിലെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തുന്നു.

പരീക്ഷ നടത്തിപ്പിൽ ഇത്ര ഗുരുതരമായ വീഴ്ച മുന്പുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ധാർമ്മികമായ ഉത്തരവാദിത്വമുണ്ടെന്നുമായിരുന്നു മുന്‍ വിദ്യാഭ്യസ മന്ത്രി അബ്ദുറബ്ബിന്‍റെ പ്രതികരണം.

അതേ സമയം അധ്യാപകര്‍ സ്വകാര്യസ്ഥാപനങ്ങള്‍ നടത്താനോ, സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാനോ പാടില്ലെന്നിരിക്കേ ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നത്. . പൊതു പരീക്ഷക്ക് ചോദ്യം തയ്യാറാക്കിയ പാനലിലെ രണ്ട് അധ്യാപകര്‍ ആറ്റിങ്ങലടക്കം പല സ്ഥലങ്ങളിലേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പോലീസും അന്വേഷണം നടത്തുകയാണ്. .