കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ വീണ്ടും തിരുകേശ പ്രദര്‍ശനവും തിരുകേശ വെള്ള വിതരണവും തുടങ്ങിയ സാഹചര്യത്തിലാണ് ഇ.കെ വിഭാഗം അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്

കോഴിക്കോട്: സുന്നികള്‍ക്കിടയിലെ ഐക്യ ചര്‍ച്ച വഴി മുട്ടുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ വീണ്ടും തിരുകേശ പ്രദര്‍ശനവും തിരുകേശ വെള്ള വിതരണവും തുടങ്ങിയ സാഹചര്യത്തിലാണ് ഇ.കെ വിഭാഗം അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. സുന്നി വിഭാഗങ്ങള്‍ യോചിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുന്നികളുടെ പരമോന്നത സഭയായ കേന്ദ്ര മുശാവറകള്‍ തീരുമാനിച്ചത് അനുസരിച്ചാണ് ഐക്യ ചര്‍ച്ചകള്‍. എ.പി, ഇ.കെ വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച പരിഹരിക്കുകയാണ് ലക്ഷ്യം.

വിവിധ നേതാക്കള്‍ തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. വിവാദമുണ്ടാക്കുന്ന പ്രസ്താവനകളോ പ്രവര്‍ത്തികളോ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് തത്വത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെതന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍, പുതിയ തിരുകേശം പ്രദര്‍ശിപ്പിക്കുകയും തിരുകേശ വെള്ളം വിതരണം ചെയ്യുകയും ചെയ്തതോടെയാണ് ഇ.കെ വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മുടി വ്യാജമാണെന്നാണ് ഇവരുടെ നിലപാട്.

ധാരണയ്ക്ക് വിരുദ്ധമായി കാന്തപുരം പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ചര്‍ച്ച ഇനി മുന്നോട്ട് പോകില്ലെന്നാണ് ഇ.കെ വിഭാഗത്തിന്‍റെ നിലപാട്. കാന്തപുരത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത് എ.പി വിഭാഗത്തെയും ചൊടിപ്പിച്ചിട്ടുമുണ്ട്.