ജമ്മു-കശ്മീര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജുകളെ രണ്ട്,മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് കേരള ടൂറിസം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

ദില്ലി:ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഫേസ്ബുക്ക് പേജുകളുടെ പട്ടികയില്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒന്നാം സ്ഥാനത്ത്. ജമ്മു-കശ്മീര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജുകളെ രണ്ട്,മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് കേരള ടൂറിസം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

2017 ജനുവരി ഒന്നിനും ഡിസംബര്‍ 31-നും ഇടയില്‍ പേജിലെത്തിയ ലൈക്ക്സ്, കമന്‍റസ്, റിയാക്ഷന്‍സ്, പോസ്റ്റ് എന്‍ഗേജ്മെന്‍റ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിംഗ്.
പതിനഞ്ച് ലക്ഷത്തിലേറെ ലൈക്കാണ് കേരള ടൂറിസം ഫേസ്ബുക്ക് പേജിനുള്ളത്. കേരളത്തിന്‍റെ കായല്‍ സൗന്ദര്യവും,കടല്‍തീരവും ഹൈറേഞ്ചിലെ ടൂറിസം സ്റ്റേഷനുകളുമെല്ലാം ഫേസ്ബുക്ക് പേജിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ ടൂറിസം വകുപ്പിന് സാധിച്ചിട്ടുണ്ട്. 

സമീപകാലത്താണ് സര്‍ക്കാര്‍ ഏജന്‍സികളുടേയും, വകുപ്പുകളുടേയും ഒഫീഷ്യല്‍ പേജുകള്‍ക്ക് ഫേസ്ബുക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തിയത്. നേരത്തെ അധികാരവടംവലി നടക്കുന്ന കര്‍ണാടകയിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കേരള ടൂറിസത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റും ഏറെ ശ്രദ്ധനേടിയിരുന്നു. 

ദില്ലിയില്‍ വച്ചു നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഫേസ്ബുക്ക് പബ്ലിക് പോളിസി മാനേജര്‍ (സൗത്ത്-സെന്‍ട്രല്‍ ഏഷ്യ) നിതിന്‍ സലൂജയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടൂറിസം വിഭാഗം ജീവനക്കാരെ ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും അഭിനന്ദിച്ചു.