യുപി സര്‍ക്കാരിന് മറുപടിയുമായ് കേരള ടൂറിസം വകുപ്പ്. താജ്മഹലിന്റെ പേരില്‍ വിവാദങ്ങള്‍ ചൂടിപിടിക്കുന്ന സാഹചര്യത്തില്‍ താജ്മഹലിനെ സല്യൂട്ട് ചെയ്തുകൊണ്ട് കേരളാടൂറിസത്തിന്റെ പോസ്റ്റ്. ദശലക്ഷങ്ങള്‍ക്ക് ഇന്ത്യയെ കണ്ടെത്താന്‍ പ്രചോദനമാകുന്ന താജ്മഹലിനെ ദൈവത്തിന്റെ സ്വന്തം നാട് വണങ്ങുന്നു എന്ന അടികുറിപ്പോടെയാണ് കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും.
ധാരാളം പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രനും ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താജ്മഹലിന്റെ ശ്രേഷ്ഠ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നുവെന്നാണ് കടകംപളളിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസങ്ങളില്‍ താജ്മഹലിനെച്ചൊല്ലി വിവാദങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റെന്നത് ഏറെ ശ്രദ്ധേയമാണ്. താജ്മഹലിനെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ തന്നെ ബിജെപി എംഎല്‍എയായ സംഗീത് സോം കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ താജ്മഹലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണ്, ഇതിന് എന്ത് ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്? താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള് ഇല്ലാതാക്കും എന്നും സംഗീത് സോം പറഞ്ഞു.
താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്നും പേര് മാറ്റണമെന്നും ബിജെപി എംപി വിനയ് കട്യാർ പറഞ്ഞിരുന്നു. ശിവക്ഷേത്രം സ്ഥിതിചെയ്തിടത്താണ് താജ്മഹൽ നിർമിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിന്റെ അവശിഷ്ടത്തിലാണ് ഇതിന്റെ നിർമിതിയെന്നും വിനയ് കട്യാർ പറഞ്ഞു. യുപി സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്ക്ലറ്റില്‍ നിന്ന് കഴിഞ്ഞയിടയ്ക്ക് താജ്മഹലിനെ നീക്കം ചെയ്തിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു. ടൂറിസം ബുക്ക്ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയിരുന്നു.
