ജാതി അധിക്ഷേപ കേസിൽ കേരള സർവകലാശാല സംസ്കൃതം വകുപ്പ് മേധാവി ഡോക്ടർ വിജയകുമാരിക്ക് മുൻകൂർ ജാമ്യം. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയുടേതാണ് ഉത്തരവ്.

തിരുവനന്തപുരം: ജാതി അധിക്ഷേപ കേസിൽ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി ഡോ.വിജയകുമാരിക്ക് ഉപാധികളോടെ ജാമ്യം. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ നൽകിയ പരാതിയിലാണ് നടപടി. മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണന് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപാധികളുണ്ട്. സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്. വിപിൻ വിജയന്റെ പരാതിയിൽ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.

സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരി, വിപിന്‍ വിജയന് എതിരെ വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഒക്ടോബർ 15 ന് നടന്ന ഓപ്പൺ ഡിഫൻസിന് ശേഷവും ഗവേഷണ വിദ്യാർത്ഥി സമർപ്പിച്ച പ്രബന്ധത്തിൽ ഒപ്പിടാൻ വിജയകുമാരി വിസമ്മതിച്ചിരുന്നു. മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്‍റെ പിഎച്ച്ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് വിജയകുമാരി വൈസ് ചാൻസിലര്‍ക്ക് കത്തും നല്‍കി. 

ഇതിന് പിന്നാലെയാണ് അധ്യാപികക്കെതിരെ ജാതി അധിക്ഷേപം ഉന്നയിച്ച് വിപിൻ രംഗത്ത് വരുന്നത്. 2015 ൽ എംഫിൽ ചെയ്യാൻ എത്തിയ കാലം മുതൽ തന്‍റെ ഗൈഡായിരുന്ന വിജയകുമാരി, വ്യക്തിപരമായി അവഹേളിച്ചിരുന്നുവെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയിൽ ചൂണ്ടിക്കാണിച്ചത്. പുലയനും പറയനും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്നും ഇവര്‍ പഠിക്കാൻ തുടങ്ങിയതോടെ സംസ്കൃതത്തിന്‍റെ മഹിമ നശിച്ചെന്നും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു വിപിൻ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. 

കേരള സർവ്വകലാശാല ജാതി അധിക്ഷേപ കേസ്; സംസ്‌കൃത വകുപ്പ് മേധാവി ഡോ.വിജയകുമാരിക്ക് മുൻ‌കൂർ ജാമ്യം