ചരിത്രാതീതകാലഘട്ടം മുതല്‍ കേരളത്തിലെ ഭൂമി ജനവാസയോഗ്യമായിരുന്നു കേരളത്തിന്‍റെ കാലാവസ്ഥക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല

കോഴിക്കോട്: കേരളം കടലില്‍ നിന്ന് രൂപമെടുത്തതല്ലെന്നും ചരിത്രാതീതകാലഘട്ടം മുതല്‍ കേരളത്തിലെ ഭൂമി ജനവാസയോഗ്യമായിരുന്നെന്നും പഠനം. പുരാവസ്തുശാസ്ത്രജ്ഞന്‍ പ്രൊഫ.പി. രാജേന്ദ്രന്‍ രചിച്ച 'അണ്‍റാവലിംഗ് ദ പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരളം ആന്‍ഡ് ദ അഡ്ജസന്റ് റീജിയണ്‍സ് ഇന്‍ സൗത്ത് ഇന്ത്യ' എന്ന ഗ്രന്ഥത്തിലാണ് പുതിയ കണ്ടെത്തലുകള്‍.

ഇന്നലെ കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം.ജി.എസ്. നാരായണന്‍ പ്രൊഫ എസ്. ഗ്രിഗറിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ല. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു. റോബര്‍ട്ട് ബ്രൂസ്ഫൂട്ടെയുടെ ഈ മേഖലയിലുള്ള പഠനങ്ങള്‍ക്ക് സാംഗത്യമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുമില്ലെന്നുമാണ്പുസ്തകത്തിലെ കണ്ടെത്തലുകള്‍.

കേരളത്തില്‍ ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വെള്ളാരങ്കലുകള്‍ കൊണ്ടാണ് ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളില്‍ ഇത്തരം ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രൊ. പി.രാജേന്ദ്രന്‍ തന്‍റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു.

ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തെന്മലയിലെ ഗുഹയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 5200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ആന്ത്രോപ്പോളജി വിഭാഗം അധ്യക്ഷ ഡോ. ബി. ബിന്ദു അധ്യക്ഷത വഹിച്ചു. ജാന്‍സി ഫ്രാന്‍സിസ്, എന്‍.കെ. രമേശ് എന്നിവര്‍ സംസാരിച്ചു.