തിരുവനന്തപുരം: കേരളത്തിലെ അവസാനത്തെ നക്‌സലൈറ്റ് തടവുകാരനായ ജസ്റ്റിന്‍ ജോയി ഒടുവില്‍ തടവറയ്ക്ക് പുറത്തെ വെളിച്ചം കണ്ടു. 36 വര്‍ഷം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജനെന്ന കയര്‍ ഫാക്ടറിമുതലാളിക്കെതിരെ നടന്ന നക്‌സല്‍ ആക്രമണത്തിലെ പ്രതിയായി ദീര്‍ഘനാളായി ജയിലില്‍ കഴിഞ്ഞിരുന്ന ജസ്റ്റിന്‍ ജോയിക്ക് 30 ദിവസത്തെ പരോളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആറര വര്‍ഷത്തിന് ശേഷമാണ് ജോയിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.

ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജനെന്ന കയര്‍ ഫാക്ടറിമുതലാളിയുടെ 'ക്രൂരമായ വാഴ്ച'ക്കെതിരെ 1980 മാര്‍ച്ച് 29ന് അരങ്ങേറിയ നക്‌സല്‍ ആക്രമണത്തില്‍ തൊടുപുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും 22 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. ജസ്റ്റിസ് രവിയെന്ന സെഷന്‍സ് ജഡ്ജ് പുറപ്പെടുവിച്ച ഒരപൂര്‍വ്വവിധിയായിരുന്നു അത്. 22 പേര്‍ ശിക്ഷിക്കപ്പെട്ടു. ആക്ഷന് നേതൃത്വം നല്‍കിയ കുതിരപ്പന്തി സുധാകരന്‍ കുറ്റവിമുക്തനായി. 

1980ല്‍ നടന്ന കൊലപാതക കേസില്‍ വിചാരണ 1985ലാരംഭിച്ചു. ആദ്യം തൊടുപുഴ സെഷന്‍സില്‍ ശിക്ഷിക്കപ്പെട്ട പതിനാറ് പ്രതികളില്‍ ജോയി ഉള്‍പ്പെട്ടിരുന്നില്ല. 1989ല്‍ ഹൈക്കോടതി 7 പ്രതികള്‍ക്ക് കൂടി ശിക്ഷവിധിച്ചപ്പോള്‍ ജസ്റ്റിന്‍ ജോയി 19ാം പ്രതിയായി. 1989ല്‍ ജയിലിലായ ജോയി ഒരു മാസത്തിനുശേഷം അമ്മക്ക് സുഖമില്ലാതായപ്പോള്‍ പരോളില്‍ മടങ്ങിവന്നു. 

45 ദിവസം കഴിഞ്ഞ് പിന്നെയും ജയിലിലേക്ക് മടങ്ങി. അതും കഴിഞ്ഞ് തൊണ്ണൂറില്‍ ഒരിക്കല്‍ക്കൂടി പരോളില്‍ വന്ന് വ്യവസ്ഥ ലംഘിച്ച് ഒളിവില്‍ നിന്ന ജോയിയെ 97ല്‍ പോലീസ് കൂട്ടിക്കൊണ്ടുപോയി. 99ല്‍ പരോളില്‍ വീണ്ടുമിറങ്ങുമ്പോള്‍ രോഗബാധിതനായ ജോയി 2010ല്‍ പിന്നെയും ജയിലിലേക്ക് മടങ്ങി. 

ഒന്‍പതാം പ്രതി സെബാസ്റ്റ്യനെന്ന കുഞ്ഞപ്പനും പത്താം പ്രതി ബാഹുലേയനും തടവറയില്‍ മരണപ്പെട്ടു. പി.എം.ആന്റണി കലാകാരനെ പരിഗണനയില്‍ പിന്നീട് ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ടു. ഏഴാം പ്രതി മോഹനന്‍ പരോള്‍ കാലയളവില്‍ മരണപ്പെട്ടു. ശിഷ്ടം പതിനെട്ടുപേര്‍ ശിക്ഷ തുടര്‍ന്നു.പക്ഷെ ശിക്ഷിക്കപ്പെട്ടവരില്‍ 15 പേര്‍ നിരപരാധികളാണെന്ന് കേസിലെ പതിനാറാം പ്രതിയായി ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പീറ്റര്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി. 

യൗവനം മുഴുന്‍ തടവറയില്‍ ഹോമിച്ച ഭൂരിപക്ഷം പേരുടെയും നിരപരാധിത്വം തെളിയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്ത് സോമരാജന്‍ വധക്കേസില്‍ പുനരന്വേഷണം പോലുമാരംഭിച്ചെങ്കിലും തുടര്‍ ചലനങ്ങളുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയും ശരിവച്ച പുനരന്വേഷണം വഴിയിലാകുമ്പോള്‍ ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ പിന്നെയും തോറ്റു. അപ്പോഴും സി.എ. ജോസഫെന്ന ജസ്റ്റിന്‍ ജോയി കണ്‍വിക്ട് നമ്പര്‍ 4656 കുപ്പായമണിഞ്ഞ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ശിക്ഷ തുടര്‍ന്നു. ഒടുവില്‍ വിപ്ലവഭേരി മുഴങ്ങിയ കേരളത്തിലെ തടവറയില്‍ നിന്ന് ജോയി പുറത്തെ വെളിച്ചം കണ്ടിരിക്കുകയാണ്.