സാമ്പത്തികസഹായങ്ങൾ പലയിടങ്ങളിൽ നിന്നായി കേരളത്തിന് ലഭിച്ചു കഴിഞ്ഞു. കേരളത്തിന് ഇനി വേണ്ടത് പ്ലംബര്‍മാരെയും ആശാരിപ്പണിക്കാരെയുമാണ്. 

തിരുവനന്തപുരം: കേരളത്തിന് ഇനി വേണ്ടത് സാങ്കേതിക സഹായമാണെന്ന് യൂണിയൻ മിനിസ്റ്റർ അൽഫോൺസ് കണ്ണന്താനം. പ്രാഥമിക ആവശ്യങ്ങളിലുൾപ്പെടുന്ന ആഹാരവും വസ്ത്രവും ഇപ്പോൾ ആവശ്യത്തിന് ലഭിച്ചു കഴിഞ്ഞു. സാങ്കേതിക സഹായവും പിന്തുണയുമാണ് ഇനി കേരളത്തിന് ആവശ്യം.

എന്നാൽ കേരളം നേരിടാൻ പോകുന്നത് മറ്റൊരു പ്രതിസന്ധിയാണ്. ''വെള്ളമിറങ്ങിക്കഴിഞ്ഞലും വീടുകൾ ഒന്നുപോലും വാസയോ​ഗ്യമായിരിക്കില്ല. ഇലക്ട്രിസിറ്റിയോ മൊബൈൽ റേഞ്ചോ ഉണ്ടായിരിക്കുകയില്ല. എല്ലാ അർത്ഥത്തിലും തകർന്നുപോയ വീടുകളുടെ കേടുപാടുകൾ പരിഹരിക്കണമെങ്കിൽ ആയിരക്കണക്കിന് ഇലക്ട്രീഷ്യൻമാരെയാണ് കേരളത്തിന് ആവശ്യം. അതുപോലെ മരപ്പണിക്കാർ, ആശാരിമാർ, പ്ലംബേഴ്സ് എന്നിവരുടെ സേവനവും കേരളത്തിന് അത്യാവശ്യമാണ്. ആ​ഗസ്റ്റ് എട്ടാം തീയതി മുതലാണ് കേരളത്തിൽ മഴ ആരംഭിച്ചത്. ചെങ്ങന്നർ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ​ഗതാ​ഗത പ്രശ്നം മാത്രമേ ഇപ്പോഴുള്ളൂ.'' അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

മുന്നൂറിലധികം ആളുകളാണ് ഈ പ്രളയത്തിൽ മരിച്ചത്. സംസ്ഥാനത്തിന്റെ മൊത്തെ നഷ്ടം ഇരുപതിനായിരം കോടിയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിച്ച് സ്ഥിതി ​ഗതികൾ വിലയിരുത്തിയാണ് മടങ്ങിയത്. ഇടക്കാല ആശ്വാസമായി അഞ്ഞൂറ് കോടി അനുവദിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിം​ഗ് നൂറ് കോടിയും കിരൺ റിജ്ജു എൺപത് കോടിയും അനുവദിച്ചിരുന്നു. സാമ്പത്തികസഹായങ്ങൾ പലയിടങ്ങളിൽ നിന്നായി കേരളത്തിന് ലഭിച്ചു കഴിഞ്ഞു. പകർച്ചവ്യാധികൾ പടരുന്നത് ഒഴിവാക്കാൻ മൂവായിരത്തി എഴുനൂറോളം മെഡിക്കൽ ക്യാമ്പുകൾ‌ സജ്ജമാക്കുമെന്ന് ആരോ​ഗ്യവകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട്.