ഹൈദരാബാദ്:  ഹൈദരാബാദില്‍ യുവാവിനെ വെട്ടികൊന്നത് അടുത്ത സുഹൃത്ത്.  തൊടുപുഴ കരിമണ്ണൂര്‍ പന്നൂര്‍ പറയന്നിലത്ത് അരുണ്‍ പി ജോര്‍ജ്ജിനെ കൊലപ്പെടുത്തിയ കേസില്‍ സെക്കന്ദരാബാദ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എഎസ്‌ഐ ലാലു സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. 

സഹോദരിയുടെ വിവാഹിതയായ മകളുമായുള്ള അരുണിന്‍റെ പ്രണയവും അതില്‍ നിന്നും പിന്മാറാനുള്ള ലാലുവിന്‍റെ നിര്‍ദ്ദേശം അവഗണിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളായിരുന്ന ശേഷമാണ് അരുണിനെ ലാലു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ലാലുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് വിവരങ്ങള്‍ വെളിയില്‍ വന്നത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ലാലുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 

രാം നഗര്‍ ഹിമത്യാനഗറിലെ ജെ എക്‌സ് ഫ്ലെക്സ് പ്രിന്‍റിങ്ങില്‍ പ്രസിലെ മാനേജരായ അരുണ്‍ സുഹൃത്ത് ലാലുവിന്‍റെ ഇതേ പ്രസില്‍ ജോലി ചെയ്യുന്ന വിവാഹിതയായ സഹോദരി പുത്രിയുമായി പ്രണയത്തിലാകുകയായിരുന്നു. ഈ അടുപ്പത്തിന്‍റെ പേരില്‍ പല തവണ ലാലു അരുണിനെ താക്കീത് നല്‍കിയെങ്കിലും അടുപ്പം തുടര്‍ന്നു.

വെളളിയാഴ്ച രാത്രിയില്‍ അരുണിന്‍റെ താമസ സ്ഥലത്ത് എത്തിയ ലാലു ഇതേപ്പറ്റി വീണ്ടും സംസാരിച്ചത് ഇരുവരും തമ്മിലുള്ള വഴക്കില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ലാലു അരുണിനെ വെട്ടിക്കൊല്ലുകയായിരുന്നു. രാംനഗറില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോട് ചേര്‍ന്ന വാടകവീട്ടിലെ ശുചിമുറിയില്‍ ശനിയാഴ്ച രാത്രിയിലാണ് വെട്ടേറ്റു മരിച്ച നിലയില്‍ അരുണിനെ കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി വിമാനത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്ന അരുണിനെ വൈകിട്ട് എത്താതെ വന്നതിനെ തുടര്‍ന്ന വീട്ടുകാര്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതെ വന്നപ്പോള്‍ വീട്ടുകാര്‍ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും അവര്‍ അന്വേഷിച്ചു വന്നപ്പോള്‍ വീട് പുറത്തു നിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

ബന്ധുക്കളുടെ നിര്‍ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടമ്മയുടെ സാന്നിദ്ധ്യത്തില്‍ പൂട്ടു തകര്‍ത്ത അകത്തു കടന്നപ്പോള്‍ കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. വീട്ടിലെ അലമാര തുറന്ന നിലയിലായിരുന്നു.

വീടിന് എതിര്‍വശത്തുള്ള സിസിടിവിയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ ഒരാള്‍ അരുണിന്‍റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യങ്ങളില്‍ പെട്ടതാണ് കൊലയാളിയെക്കുറിച്ചുള്ള സൂചന കിട്ടാന്‍ കാരണമായത്. വിവാഹിതനായ അരുണിന്‍റെ ഭാര്യ ആറുമാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.