കുവൈറ്റ് സിറ്റി: രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളി നഴ്‌സിന് കുവൈറ്റിൽ അഞ്ച് വര്‍ഷം തടവ് ശിക്ഷ. രണ്ട് വര്‍ഷം മുന്പ് കുവൈത്തിലെത്തിയ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശി എബിന്‍ തോമസിനെയാണ് രക്തസാമ്പിള്‍ മാറ്റിയ കേസില്‍ കോടതി വര്‍ഷം തടവ് ശിക്ഷയും നൂറ് ദിനാര്‍ പിഴയും വിധിച്ചത്. ഇപ്പോള്‍ ജാമ്യത്തിലുള്ള എബിന് അപ്പീല്‍ നല്‍കാന്‍ കോടതി അവസരം അനുവദിച്ചട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫഹാഹീലെ മെഡിക്കല്‍ പരിശോധന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു എബിന്‍.
ഹെപ്പറ്റെറ്റിസ് ബി-ബാധിച്ച് നേരത്തെ കുവൈത്തില്‍ നിന്നും നാട് കടത്തിയ ബംഗ്ലാദേശ് സ്വദേശി അവിടെ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കുവൈത്തില്‍ തിരികെയെത്തി. രോഗബാധിതനായ ബംഗ്ലാദേശി രാജ്യത്ത് തിരികെയെത്തിയ വിവരം മനസിലാക്കിയതിനെതുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ രക്ത സാമ്പിളിലെ തിരിമറിയും കണ്ടെത്തിയത്.
ഫഹഹീലിലെ മെഡിക്കല്‍ പരിശോധന കേന്ദ്രത്തില്‍ വച്ച് ഇയാളുടെ രക്തസാമ്പിളില്‍ തിരിമറി നടത്തിയതായിട്ടാണ് പ്രോസിക്യൂഷന്‍ കേസ്. തുടര്‍ന്ന് എബിനും, രോഗബാധിതനും മറ്റ് നാല് ബംഗ്ലാദേശികളും അറസ്റ്റിലായി.
എബിന്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കില്ലും കഴിഞ്ഞ ആഗസ്റ്റ് പകുതിയോടെയാണ് ലഭിച്ചത്. വിധിയെ തുടര്‍ന്ന് അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് കുവൈത്തിലുള്ള എബിന്‍റെ ബന്ധുക്കള്‍.
