മലയാളി യുവാക്കള്‍ മലേഷ്യൻ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്നു

ക്വാലാലമ്പൂര്‍: മലേഷ്യൻ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മലയാളി യുവാക്കളുടെ മോചനത്തിനായി ബന്ധുക്കൾ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചു. ലഹരി മരുന്ന് മാഫിയയുടെ കെണിയില്‍പ്പെട്ടാണ് ഇവര്‍ ജയിലിലായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കൊല്ലം സ്വദേശികളായ എബി അലക്സ്, രഞ്ജിത്ത് രവീന്ദ്രൻ, സുമേഷ് സുധാകരൻ, സജിത്ത് സദാനന്ദൻ എന്നിവരാണ് മലേഷ്യയിലെ ജയില്‍ കഴിയുന്നത്. 2013 ജൂലൈയിലാണ് ഇവര്‍ മലേഷ്യയിലെത്തുന്നത്. വെല്‍ഡിങ് ജോലിക്കെന്ന് പറഞ്ഞാണ് ഇടനിലക്കാര്‍ മലേഷ്യയിലേക്ക് കൊണ്ട് പോയത്. പക്ഷേ പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ ശുചീകരണ തൊഴിലായിരുന്നു ജോലി.

2013 ജൂണ്‍ 26 താമസിച്ചിരുന്ന മുറിയില്‍ പൊലിസ് പരിശോധന നടത്തുകയും മലേഷ്യൻ വംശജനായ ഓരാളില്‍ നിന്നും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. മലേഷ്യൻ വംശജനൊപ്പം നാല് മലയാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ഇവര്‍ക്ക് വധശിക്ഷ വിധിച്ചതായി മലേഷ്യയിലെ ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.