കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തി സര്‍വ്വീസ് ചെയ്ത് കഴുകിയ നിലയിലാണ് കാറുകള്‍ കണ്ടെത്തിയത്

കൊല്ലം: കെവിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച രണ്ട് കാറുകള്‍ കണ്ടെത്തി.വാഗൺ ആർ കാറും ഐ 20 കാറാണ് പൊലീസ് കണ്ടെത്തിയത്. ഒരു കാര്‍ ഇളമ്പലില്‍ നിന്നും മറ്റൊരു വാഹനം പുനലൂരിന് അടുത്ത് ഒരു റബ്ബര്‍ തോട്ടത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടേതാണ് ഇതിലൊരു കാര്‍. വാഹനങ്ങള്‍ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്. ഇതില്‍ ഒരു കാറിന്റെ ഉടമ പുനലൂർ സ്വദേശി ടിറ്റുവാണ്. 

സര്‍വ്വീസ് ചെയ്ത് കഴുകിയ നിലയിലാണ് കാറുകള്‍ കണ്ടെത്തിയത്. കെവിൻ കൊലക്കേസിൽ പൊലീസ് വീഴ്ച ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്കും മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

അതേസമയം, കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വി.എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് അടിയന്തിരമായി ശ്രദ്ധിക്കട്ടെ എന്നും കുറ്റക്കാർ പൊലീസുകാരായാലും നടപടി വേണമെന്നും വി.എസ്. വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.