കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയത്ത് പ്രതിഷേധം  കെവിന്‍റെ മൃതദേഹവുമായെത്തിയ വാഹനം പ്രതിഷേധകര്‍ തടഞ്ഞു

കോട്ടയം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയത്ത് പ്രതിഷേധം. കെവിന്‍റെ മൃതദേഹവുമായെത്തിയ വാഹനം പ്രതിഷേധകര്‍ തടഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ കോട്ടയം മാന്ന‌ാനത്ത് നിന്ന് ഇന്നലെ തട്ടിക്കൊണ്ട് പോ‌യ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തി. തെൻമലയ്ക്ക് സമീപം ചാലിയക്കര തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കെവിൻറെ കണ്ണുകൾക്ക് സ‌ാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്നെടുത്തോയെന്ന് സംശയമുണ്ട്. കഴുത്തിലും പരിക്കുണ്ട്. മൃതദേഹം റേഡിൽ നിന്ന് വലിച്ചിഴച്ചാണ് തേ‌ാട്ടിൽ കൊണ്ടിട്ടത്.

സംഭവത്തില്‍, കോട്ടയെ പൊലീസന് സംഭവിച്ചത് ഗുരുതരവീഴ്ചയാണെന്ന ആഷേപമാണ് ഉയരുന്നത്. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. കെവിന്റെ ഭാര്യയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കോട്ടയം ​ഗാന്ധി ന​ഗർ സ്റ്റേഷനിലെ എസ്.ഐ ഷിബുവിനേയും, എ.എസ്.ഐ സണ്ണിയേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പി അബ്ദുൾ റഫീഖിനെ സ്ഥലം മാറ്റി. 

കേസില്‍, കെവിൻറെ ഭാര്യ സഹോദരനടക്കം 12 പേരെ പൊലീസ് തെരയുകയാണ്. പെൺകുട്ടിയുടെ സഹോരനുൾപ്പെട്ട സംഘം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഭാഗത്തേക്കാണ് കടന്നത്. ഇവർ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരമുണ്ട്. തട്ടിക്കൊണ്ട് പോക‌ാൻ ഉപയോഗിച്ച ഒരു വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടി നിയ‌‌‌ാസാണ് വാഹനം തൻറെ പക്കൽ നിന്നും വാങ്ങിക്കൊണ്ട് പോയതെന്ന് ഉടമ ഇബ്രാഹിംകുട്ടി പൊലീസിന് മൊഴി നൽകി.

അതേസമയം, ഇന്ന് രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ സഹോദരൻറെ സുഹൃത്ത് നിശാലും ഡിവൈഎഫ്ഐ പ്രവർത്തകന‌‌ാണ്. ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കെവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.